ഗസ: ബന്ദിയാക്കിയ ഇസ്രായേലി സ്ത്രീയെയും മക്കളേയും ആരും ഉപദ്രവിക്കില്ലെന്നും തങ്ങൾ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പോരാളികൾ. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുമ്പോഴാണ് ഹമാസ് പോരാളികൾ ആശ്വാസ ഇടപെടൽ നടത്തിയത്.
ഇസ്രായേലിൽ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വീഡിയോ അൽജസീറ പുറത്തുവിട്ടു.
‘ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവൾക്ക് കുട്ടികളുണ്ട്. ഞങ്ങൾ മനുഷ്യത്വമുള്ള ആളുകളാണ്’- എന്നാണ് ഹമാസ് പോരാളികൾ പറയുന്നത്. ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ സൈനികരടക്കമുള്ള നിരവധി പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരുടെ എണ്ണം ഉടൻ പ്രഖ്യാപിക്കുമെന്ന് ഹമാസ് അറിയിച്ചു.
അതേസമയം, ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതിനോടകം 313 പേർ കൊല്ലപ്പെടുകയും 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും.
അതേസമയം, ആക്രമണത്തിൽ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞു. 1600 പേർക്ക് പരിക്കുണ്ട്. ഇവരിൽ 318 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 26 പേർ സൈനികരാണെന്ന് ഇസ്രയേൽ പറയുന്നു. പ്രദേശങ്ങളിൽ കൂടുതൽ പോരാളികളെ രംഗത്തിറക്കിയതായി ഹമാസും വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ ഗസയ്ക്കുമേൽ ഇസ്രായേൽ ആരംഭിച്ച വ്യോമാക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 450 ഇടങ്ങളിൽ ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സിവിലിയൻ കെട്ടിടങ്ങൾ പലതും ആക്രമണത്തിൽ നിലംപൊത്തി. ഗസയിലെ നിരവധി പള്ളികളും ഇസ്രയേൽ തകർത്തു.
ഇതിനിടെ, വടക്കു പടിഞ്ഞാറൻ ഇസ്രായേലിലെ സൈനികതാവളവും ഹമാസ് കീഴടക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. കിസ്സൂഫിമിലെ ഇസ്രായേൽ സൈനികതാവളത്തിലാണ് ഖസ്സാം ബ്രിഗേഡ് ഹമാസ് പതാക നാട്ടിയത്. മിഡിലീസ്റ്റ് ഒബ്‌സർവെർ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഗസ മുനമ്പിനോട് ചേർന്നുള്ള ഒഫാകിം, സിദ്‌റോത്ത്, യാദ് മോർദെച്ചായ്, കിഫാർ അസ്സാ, ബീരി, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രയേൽ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിലെ നിരവധി ഇസ്രായേൽ സൈനികരെ ഹമാസ് സേന പിടികൂടിയിട്ടുണ്ട്.
നിരവധി സൈനികതാവളങ്ങൾ കീഴടക്കുകയും ജയിലുകൾ തകർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഹമാസ് ആക്രമണത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആളപായവും നാശനഷ്ടവുമാണ് ഇസ്രായേലിനുണ്ടായത്.
Palestinian: “No one will harm her. Cover her. She has children. We are people with humanity”
The difference. #Hamas #Gaza #Israel pic.twitter.com/9kWU3S80m0
— Shirin Khan (@Shirinkhan0) October 7, 2023