സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘അ‍ജ്ഞാതരോഗം’; ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു

0
271

പലപ്പോഴും നാം കണ്ടിട്ടോ, കേട്ടിട്ടോ – വായിച്ചറിഞ്ഞിട്ടോ പോലുമില്ലാത്ത പല രോഗങ്ങളെയും കുറിച്ച് പിന്നീട് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഭയാശങ്കകളും, ആശ്ചര്യവും ഒരുപോലെ ഉണ്ടാകാറില്ലേ? സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കെനിയയിലെ കാകാമേഗ എന്ന സ്ഥലത്തുള്ള ‘എറെഗി ഗേള്‍സ് ഹൈസ്കൂളി’ലാണ് ദുരൂഹമായ സാഹചര്യമുണ്ടായിരിക്കുന്നത്. ഇവിടെ നൂറോളം വിദ്യാര്‍ത്ഥികളെ ‘അജ്ഞാതരോഗം’ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് കാല്‍മുട്ടിന് വേദന വരികയും വൈകാതെ തന്നെ അവര്‍ക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നതാണ് രോഗം. ഇതിന്‍റെ ഭയപ്പെടുത്തുന്നൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും വിദ്യാര്‍ത്ഥികള്‍ നിരയായി അസാധാരണമായ രീതിയില്‍ നടക്കുകയാണ്.

വിറച്ചും വേച്ചും കോച്ചിപ്പിടിച്ചത് പോലെയാണ് ഇവരുടെ ചുവടുകള്‍. ചിലര്‍ ഒട്ടും നില്‍ക്കാൻ സാധിക്കാതെ വീണുപോവുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളാണെങ്കില്‍ പേടിച്ച് കരയുന്നതും നിലവിളിക്കുന്നതും വീഡിയോയിലൂടെ കേള്‍ക്കുകയും ചെയ്യാം.

സംഗതി ഒരു ‘മാസ് ഹിസ്റ്റീരിയ’ അഥവാ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയില്‍ ഒരു കൂട്ടത്തില്‍ ഒന്നാകെ പടര്‍ന്നൊരു മാനസികനില- അല്ലെങ്കില്‍ അത്തരത്തിലൊരു പ്രശ്നമായാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ‘അജ്ഞാതരോഗ’മെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ‘മാസ് ഹിസ്റ്റീരിയ’ ആണെന്ന പക്ഷക്കാര്‍ തന്നെയാണധികം.

അങ്ങനെയാണെങ്കിലും എന്താണ് ഇതിന്‍റെ തുടക്കം, എന്താണ് കാരണമെന്നത് അന്വേഷിച്ചറിയണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്തായാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരുടെയും നില അപകടകരമാകുന്ന തരത്തിലെത്തിയിട്ടില്ല. രക്തപരിശോധനയും മൂത്രപരിശോധനയും അടക്കമുള്ള സാധാരണഗതിയില്‍ നടത്തുന്ന പരിശോധനകളെല്ലാം നടത്തിയിട്ടുമുണ്ട്. എങ്കിലും പ്രചരിക്കുന്ന വീഡ‍ിയോ വലിയ രീതിയില്‍ ഭയം പടര്‍ത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here