റോഡിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യുമ്പോൾ അപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോഴും പുറകിലിരുന്ന് യാത്ര ചെയ്യുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത്. എന്നാൽ, ഇതൊരു അസാധാരണ മനുഷ്യനെക്കുറിച്ചാണ്. ഇദ്ദേഹം ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഒരു പൊലീസും എംവിഡിയും ഇദ്ദേഹത്തെ ശാസിക്കുകയോ പിഴ ഈടാക്കുകയോ ഇല്ല. കാരണമറിയണ്ടേ?
ഹെൽമെറ്റ് ധരിക്കാതെ സ്ഥിരമായി മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ഈ മനുഷ്യന്‍റെ പേര് സാക്കിർ മേമൻ ( Zakir Memon). 2019 -ലാണ് ഹെൽമറ്റ് ധരിക്കാതെ സ്ഥിരമായി ചുറ്റി കറങ്ങുന്ന സാക്കിർ ഗുജറാത്ത് ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കാൻ തീരുമാനിച്ചു. പക്ഷേ, സാക്കിറിന് പറയാനുണ്ടായിരുന്നത് കേണ്ട പൊലീസുകാർ അമ്പരന്നു. വിപണിയിൽ ലഭ്യമായ ഒരു ഹെൽമെറ്റും തന്‍റെ തലയ്ക്ക് പാകമല്ലെന്നായിരുന്നു സാക്കിറിന്‍റെ വാദം. തുടക്കത്തിൽ സംശയം തോന്നിയ പോലീസ്, സാക്കിറിന്‍റെ അവകാശവാദം സാധൂകരിക്കുന്നതിനായി ഒരു ഹെൽമറ്റ് കടയിൽ സാക്കിറിനെയും കൂട്ടികൊണ്ട് പോയി പരിശോധിച്ചു. സംഗതി ശരിയായിരുന്നു. ആ കടയിലെ മുഴുവൻ ഹെൽമറ്റ് വച്ച് പരിശോധിച്ചിട്ടും അയാളുടെ തലയിൽ വെക്കാൻ പറ്റിയ ഹെൽമെറ്റ് പൊലീസിന് കണ്ടത്താനായില്ല.
ഒടുവിൽ ഒരു മുന്നറിയിപ്പ് നൽകി പോലീസ് സാക്കിറിനെ വിട്ടയച്ചു. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് താക്കീതായി 1,000 രൂപ പിഴ ഈടാക്കിയെങ്കിലും സക്കീർ പിന്നെയും ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് തുടർന്നു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നപ്പോള്‍ സാക്കിർ ഗുജറാത്ത് പൊലിസിന് സുപരിചിതനായി. ഹെൽമറ്റ് ധരിക്കണമെന്ന നിയമം പാലിക്കാൻ സക്കീറിനെ നിർബന്ധിക്കുന്നതിൽ കാര്യമില്ലന്ന് അവർക്കും മനസ്സിലായി. സാക്കീറിന് മുൻപിൽ അവശേഷിക്കുന്ന ഒരേ ഒരു മാർഗം കസ്റ്റമൈസ്ഡ് ഹെൽമെറ്റ് വാങ്ങുക എന്നതാണ്. പക്ഷേ, അതിന്‍റെ വില സാക്കിറിന് താങ്ങാനാകില്ല. കാരണം അദ്ദേഹം ഒരു സാധാരണ പഴം വിൽപ്പനക്കാരനാണ്. സാക്കിര്‍ ഇന്നും ഛോട്ടാ ഉദയ്പൂരിലൂടെ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച് നടക്കുന്നു. കണ്ടില്ലെന്ന് നടിച്ച് ഗുജറാത്ത് പോലീസും.