ബ്രസീലിയ : കൈനോട്ടക്കാരി സമ്മാനിച്ച ചോക്ലേറ്റ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27കാരിയായ ഫെർണാണ്ട വാലോസ് പന്റോയാണ് ദുരൂഹ സാഹചര്യത്തിൽ മരണത്തിന് കീഴടങ്ങിയത്.
ഓഗസ്റ്റ് 3ന് മാസെയോ നഗരത്തിലൂടെ നടക്കവെയാണ് ഫെർണാണ്ടയെ തേടി ദുരന്തമെത്തിയത്. കൈ നോക്കി ഭാവി പ്രവചിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ ഫെർണാണ്ടയുടെ അരികിലെത്തി. പ്രായം ചെന്ന സ്ത്രീയായതിനാൽ വിഷമിപ്പക്കേണ്ടെന്ന് കരുതിയ ഫെർണാണ്ട കൈനോട്ടത്തിന് താത്പര്യം അറിയിച്ചു.
കൈനോക്കിയ വൃദ്ധ ഫെർണാണ്ടയ്ക്ക് അല്പായുസാണെന്ന് പ്രവചിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നും പറഞ്ഞു. പ്രവചനം കേട്ട് മടങ്ങപ്പോകാൻ ഒരുങ്ങിയ ഫെർണാണ്ടയ്ക്ക് വൃദ്ധ ചോക്ലേറ്റ് സമ്മാനിച്ചു. സംഭവം നടക്കുമ്പോൾ ബന്ധു ക്രിസ്റ്റീനയും ഫെർണാണ്ടയ്‌ക്കൊപ്പമുണ്ടായിരുന്നു.
വൃദ്ധയുടെ പെരുമാറ്റത്തിൽ ഇരുവർക്കും സംശയം തോന്നിയിരുന്നില്ല. ചോക്ലേറ്റിനെ പൊതിഞ്ഞ് കവറുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ നൽകിയ ചോക്ലേറ്റ് ഫെർണാണ്ട കഴിക്കുകയും ചെയ്തു. എന്നാൽ, വൈകാതെ ഫെർണാണ്ടയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഫെർണാണ്ട ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു.
കാഴ്ച മങ്ങുകയും ചെയ്തു. ഹൃദയമിടിപ്പ് കൂടി. മൂക്കിൽ നിന്ന് രക്തം വന്നു. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ വച്ച് ഫെർണാണ്ട മരിച്ചു. അൾസറിന്റെ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അതാകാം മരണകാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, കൈനോട്ടക്കാരി ചോക്ലേറ്റ് നൽകിയെന്നറിഞ്ഞപ്പോൾ ബന്ധുക്കളും മറ്റും സംശയം ഉന്നയിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടം റപ്പോർട്ടിൽ കീടനാശിനി ഉള്ളിലെത്തിയെന്ന് കണ്ടെത്തിയതോടെ കൈനോട്ടക്കാരിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നാണ് വിവരം. ചോക്ലേറ്റിൽ തന്നെയാണോ കീടനാശിനി അടങ്ങിയിരുന്നതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.