ഐഫോണ്‍ 13 കേടായി, ബെംഗളൂരു സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി !

0
194

ഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ആപ്പിൾ ഇന്ത്യ സേവന കേന്ദ്രത്തിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഉത്തരവിട്ടു. ബെംഗളൂരു ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ എന്ന 30 കാരനാണ് ആപ്പിൾ ഇന്ത്യ നഷ്ടപരിഹാരം കൊടുക്കേണ്ടത്. ആവേസ് ഖാൻ  2021 ഒക്ടോബറിൽ ഒരു വര്‍ഷത്തെ വാറന്‍റിയോടെ ഐഫോൺ 13 വാങ്ങി. കുറച്ച് മാസങ്ങള്‍ പ്രശ്നരഹിതമായി കടന്നു പോയി. എന്നാല്‍, പിന്നീട് ഫോണിന്‍റെ ബാറ്ററി വീക്കായി തുടങ്ങി. ഒപ്പം സ്പീക്കറും പ്രശ്നത്തിലായി. ഇത് നിരന്തരമായപ്പോള്‍ 2022 ഓഗസ്റ്റിൽ ആവേസ് ഖാന്‍ ഫോണ്‍ ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിലെത്തിച്ചു.

ഫോണ്‍ പരിശോധിച്ച സേവന കേന്ദ്രം ഫോണില്‍ നിസാരമായ പ്രശ്നമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്നും അറിയിച്ചു. എതാനും ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചെന്നും തിരിച്ചെടുത്തോളാനും പറഞ്ഞ് സേവന കേന്ദ്രത്തില്‍ നിന്നും ആവേസ് ഖാന് ഫോണ്‍ സന്ദേശമെത്തി. തുടര്‍ന്ന് സര്‍വീസ് സെന്‍ററിലെത്തിയ ആവേസ് ഖാന്‍, ഐഫോണ്‍ അപ്പോഴും സാധാരണനിലയില്‍ ആയിട്ടില്ലെന്ന് സേവന കേന്ദ്രത്തെ അറിയിച്ചു. തുടര്‍ന്ന് അവര്‍ വീണ്ടും ഫോണ്‍ വാങ്ങിവച്ചു. രണ്ടാഴ്ചയോളം ഫോണിനെ കുറിച്ച് പിന്നീടൊരു വിവരവും ആവേസ് ഖാനുണ്ടായില്ല.

ഒടുവില്‍ ഫോണിന്‍റെ പുറം കവറിനുള്ളില്‍ പശ പോലുള്ള എന്തോ വസ്തു കണ്ടെത്തിയതായി സേവന കേന്ദ്രത്തില്‍ നിന്നും ആവേസ് ഖാന് അറിയിപ്പ് ലഭിച്ചു. ഒപ്പം, ഈ പ്രശ്നം ഒരു വര്‍ഷത്തെ വാറന്‍റിക്ക് കീഴില്‍ വരില്ലെന്നും അറിയിച്ചു. തുടര്‍ന്ന് 2022 ഒക്ടോബറിൽ ആവേസ് ഖാന്‍ സേവന കേന്ദ്രത്തിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, അതിന് മറുപടി നല്‍കാന്‍ സേവന കേന്ദ്രം തയ്യാറായില്ല. തുടര്‍ന്ന് ആവേസ് ഖാന്‍ 2022 ഡിസംബറില്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. പരാതി കേട്ട ഉപഭോക്തൃ കോടതി ആപ്പിള്‍ ഇന്ത്യയോട് പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരവും 20,000 രൂപ അധികമായി നൽകാനും ഉത്തരവിടുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here