കര്‍ണാടകയില്‍ ഹുക്ക ബാറുകളും പാര്‍ലറുകളും നിരോധിച്ചു. പുകവലിക്ക് ബദലായി ചില റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ ഹുക്ക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവക്കും നിരോധനം ബാധകമാകും. സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ഹുക്ക എന്ന് പഠനങ്ങള്‍ ഉണ്ട്. ഇതാണ് കര്‍ണാടക ഹുക്ക ബാറുകള്‍ ഉടന്‍ നിരോധിക്കാന്‍ കാരണം. ഇതിനായി സിഗരറ്റ്, പുകയില ഉല്‍പന്നങ്ങളുടെ നിയമത്തില്‍ ആണ് കര്‍ണാടക ഭേദഗതി വരുത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
പുകയിലയ്ക്കും മയക്കുമരുന്നിനും ഇരയാകുന്ന യുവതലമുറയെ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമം കര്‍ണാടക ഭേദഗതി ചെയ്യുകയാണ്. കുട്ടികള്‍ ഹുക്കയ്ക്ക് അടിമപ്പെടുന്നതാണ് നിരോധനത്തിന് പിന്നില്‍. വിനോദത്തിനായി ധാരാളം കുട്ടികള്‍ ഹുക്ക ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കാം എന്നതിനാലാണ് നിരോധനം കൊണ്ടുവരുന്നത്. 300ല്‍ അധികം ഹുക്ക ബാറുകളാണ് കര്‍ണാടകയില്‍ മാത്രമുള്ളത്.
യുഎസിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, ഹുക്ക പൈപ്പിലെ പുകയില്‍ സിഗരറ്റിനേക്കാള്‍ വിഷാംശമുണ്ട്. സിഗരറ്റ് പുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡിന്റെ അംശവും കൂടുതലാണ്.
45 മിനിറ്റിന് 1,000 രൂപ വരെ
ഒരു ഹുക്ക സെഷന്‍ ഏകദേശം 45 മിനിറ്റ് നീണ്ടുനില്‍ക്കും. 400500 രൂപ മുതല്‍ 1000 രൂപ വരെയൊക്കെയാണ് വിവിധ സെഷനുകള്‍ക്ക് ഈടാക്കുന്നത്. എന്നാല്‍ 45 മിനിറ്റിലെ സെഷനില്‍ ശ്വസിക്കുന്ന നിക്കോട്ടിന്‍ 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. പല ഫ്‌ലേവറുകളിലും ഹുക്ക പുകയില ഉത്പന്നങ്ങള്‍ ലഭ്യമാണ്.
അമേരിക്കന്‍ ലംഗ് അസോസിയേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച്, ഹുക്ക പുകയില്‍ കുറഞ്ഞത് 82 വിഷമയമുള്ള രാസവസ്തുക്കളുണ്ട്. സ്ഥിരമായ ഉപയോഗം വിവിധ അര്‍ബുദങ്ങള്‍ക്കും കാരണമാകാം. ഹുക്ക പുകയില ചൂടാക്കാന്‍ ഉപയോഗിക്കുന്ന കരി അധിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.