ബി.ജെ.പി സഖ്യത്തില്‍ കടുത്ത എതിര്‍പ്പ്; വിമതനീക്കവുമായി സി.എം ഇബ്രാഹിം ക്യാംപ്-ജെ.ഡി.എസ് പിളർപ്പിലേക്ക്

0
190

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യം ചേരാൻ തീരുമാനിച്ചതോടെ കർണാടക ജെ.ഡി.എസ് പിളർപ്പിലേക്ക്. മുൻ കേന്ദ്രമന്ത്രിയും പാർട്ടി കർണാടക ഘടകം മുൻ പ്രസിഡന്റുമായ സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പാർട്ടിയെ പിളർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മുസ്‌ലിം നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചില മുതിർന്ന നേതാക്കൾ പാർട്ടിയിൽനിന്നു രാജിയും പ്രഖ്യാപിച്ചുകഴിഞ്ഞു.

താൻ ബി.ജെ.പിക്കൊപ്പമുണ്ടാകില്ലെന്ന് ഹാസൻ എം.എൽ.എ സ്വരൂപ് പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. മുൻമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ എൻ.എ നബി, സീനിയർ വൈസ് പ്രസിഡന്റുമാരായ സയ്യിദ് ശഫീഉല്ല ഖാൻ, സയ്യിദ് സമീർ, ജെ.ഡി.എസ് യുവജന ഘടകം സെക്രട്ടറി വിഷ്ണു തുടങ്ങി നേതാക്കൾ ഇതിനകം തന്നെ രാജിക്കത്ത് കൈമാറിയിട്ടുണ്ട്. എൻ.ഡി.എ പ്രവേശനം പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയും കുടുംബവും തനിച്ചെടുത്ത തീരുമാനമാണെന്നും പാർട്ടിതലത്തിൽ ആലോചിച്ചിട്ടില്ലെന്നുമാണ് ഇടഞ്ഞുനിൽക്കുന്ന നേതാക്കളുടെ വാദം.

ബി.ജെ.പി സഖ്യത്തിൽ അതൃപ്തരായ നേതാക്കളുമായും പ്രവർത്തകരുമായും സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുന്നുണ്ട്. ഇതോടൊപ്പം കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന ഘടകങ്ങളുടെ പിന്തുണയും ഇതിനുണ്ട്. ഉടൻ തന്നെ പ്രവർത്തക സമിതി വിളിച്ച് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് സി.എം ഇബ്രാഹിം ക്യാംപ്.

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയും മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരാൻ തീരുമാനിച്ച വിവരം പരസ്യമാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയും ജെ.ഡി.എസ്സും ഒന്നിച്ചുനേരിടുമെന്ന് നേരത്തെ ബി.എസ് യെദിയൂരപ്പയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here