മമ്മൂട്ടി തെലുങ്ക് ചിത്രം ‘യാത്ര 2’വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ഒന്നാം ഭാഗത്തിൽ നായകനായ മമ്മൂട്ടി രണ്ടാം ഭാഗത്തിലും അഭിനയിക്കാനെത്തുന്നതിൽ പുതുമയൊന്നുമില്ലെങ്കിലും ആന്ധ്രപ്രദേശിൽ കാര്യങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ വിവാദങ്ങൾ തിളയ്ക്കുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ ‘യാത്ര’ സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രാധാന്യമേറെയുണ്ട്.
രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷത്തായിരുന്നപ്പോഴാണ് ‘യാത്ര’ സിനിമയുടെ ചിത്രീകരണം. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം റീലീസായി. ആകെയുള്ള 175 സീറ്റിൽ 151 നേടി ജഗന്റെ വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മിന്നുംജയം. മുഖ്യമന്ത്രിയായ ശേഷം ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കി മുന്നോട്ടുപോയ ആദ്യ വർഷങ്ങളിലെ പോലെയല്ല കാര്യങ്ങൾ ഇപ്പോൾ. സർക്കാർവിരുദ്ധ മനോഭാവം പ്രകടമാണ്. അധികാര തുടർച്ചയ്ക്ക് പലവഴികളിൽ ഒന്നാണ് ‘യാത്ര 2’.
രാജശേഖര റെഡ്ഡി ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നതും ജനങ്ങൾ വിലപിക്കുന്നതുമായ സീനുകളോടെയാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിൽ ജഗൻമോഹൻ റെഡ്ഡികൂടി കഥാപാത്രമാകും. ജഗന്റെ ഭരണനേട്ടങ്ങളും മറ്റും നിറംപിടിപ്പിച്ച് അവതരിപ്പിക്കാനാണ് സംവിധായകൻ മഹി വി.രാഘവിന്റെ ലക്ഷ്യം.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സർക്കാരിനെതിരെ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പദയാത്ര 1500 കിലോമീറ്ററായിരുന്നു. സിനിമയിൽ കോൺഗ്രസ് നേതൃത്വത്തേയും വിമർശിക്കുന്നു. ചിത്രം റിലീസിനു മുൻപേ ജഗൻ മോഹൻ റെഡ്ഡി മറ്റൊരു പദയാത്ര നടത്തിയത് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കിയിരുന്നു. അഴിമതിക്കേസിൽ പെട്ട് ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഇപ്പോൾ ജയിലിലാണ്. സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയെന്ന് അവകാശപ്പെടുന്ന പവൻ കല്യാണിന്റെ ജനസേന പാർട്ടി നായിഡുവിനൊപ്പം സഖ്യമാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യാത്ര 2 ആരംഭിക്കുന്നത്. ജഗനായി അഭിനയിക്കുന്നത് തമിഴ് നടൻ ജീവയാണ്.
2019ലെ തിരഞ്ഞെടുപ്പിൽ തെലുങ്കുദേശം (ടി.ഡി.പി), വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടികൾക്കെതിരെ നാടിളക്കി പ്രചാരണം നടത്തിയത് മുൻനിര നായക നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയായിരുന്നു. സി.പി.എം. സി.പി.ഐ, ബി.എസ്.പി പാർട്ടികളെ കൂട്ടി മുന്നണിയുണ്ടാക്കി മത്സരിച്ച പവൻകല്യാണിന്റെ പാർട്ടിക്ക് ആകെ നേട്ടം കോനസീമ ജില്ലയിലെ രസോള മണ്ഡലം ലഭിച്ചതാണ്. ആർ.വി.പ്രസാദ റാവുവാണ് എം.എൽ.എ. പവൻ കല്യാൺ മത്സരിച്ച വിശാഖപട്ടണത്തിലെ ഗജുവാക്കയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തായി.
ഭരണ, പ്രതിപക്ഷ കക്ഷികൾക്കെതിരെ മൂന്നാം ബദലായി 2014ന് മാർച്ച് 14നാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി രൂപം കൊണ്ടത്. ഹിന്ദുപ്പൂർ എം.എൽ.എയും സൂപ്പർതാരവുമായ നന്ദമുരി ബാലകൃഷ്ണയാണ് പവൻ കല്യാണിനെ ടി.ഡി.പിയുമായി അടുപ്പിച്ചതെന്നാണ് അണിയറ സംസാരം. എൻ.ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു ശേഷം നായിഡുവിന്റെ മകൻ നാരാ ലോകേഷ്, ഭാര്യാ സഹോദരൻ നന്ദമുരി ബാലകൃഷ്ണ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പവൻ കല്യാൺ ടി.ഡി.പി സഖ്യം പ്രഖ്യാപിച്ചത്.
‘വരുന്ന തിരഞ്ഞെടുപ്പിൽ ജനസേനയും തെലുങ്കുദേശം പാർട്ടിയും ഒന്നിച്ചു നിൽക്കുമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നമ്മുടെ (പാർട്ടിയുടെ) രാഷ്ട്രീയ ഭാവിക്കു വേണ്ടിയല്ല. ആന്ധ്രപ്രദേശിന്റെ ഭാവിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയെ ഇനിയും സഹിക്കാനാവില്ല.”- പവൻ കല്യാൺ പറഞ്ഞു. പവൻ കല്യാണും ബാലകൃഷ്ണയും 14ന് രാവിലെ നായിഡുവിനെ ജയിലിൽ സന്ദർശിച്ചിരുന്നു.
സഖ്യത്തിലൂടെ സ്വന്തം പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് പവൻ കല്യാണിന്റെ പ്രതീക്ഷ.
തിരിച്ചു വരാൻ കോൺഗ്രസിന്റെ പെടാപ്പാട്
യു.പി.എ സർക്കാരിനെ 2004 ലും 2009 ലും അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസിന്റെ മുന്നേറ്റമായിരുന്നു. 2004 ൽ 29 സീറ്റും 2009 ൽ 33 സീറ്റും നേടിയിരുന്നു. 2009 ൽ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ മരണവും 2013 ലെ സംസ്ഥാന വിഭജനവും ജഗൻ മോഹൻ റെഡ്ഡിയെ പിണക്കിയതും പാർട്ടിയെ തളർത്തി. 2014ൽ ഒരു സീറ്റുപോലും നേടാത്ത ദയനീയ അവസ്ഥയിലെത്തി. 2019ൽ അമ്പേ പരാജയം. നിയമസഭയിൽ ഒരു സീറ്റും കിട്ടിയില്ല.
വൈ.എസ്.ആർ.പിയെ ‘ഇന്ത്യ’ മുന്നണിയിലെത്തിക്കാൻ നടത്തിയ ശ്രമം പാളിയിരുന്നു. കോൺഗ്രസ് നേതൃത്വത്തോടുളള പകയിൽനിന്നും രൂപമെടുത്ത വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി മുന്നണിയിലെ ഘടകകക്ഷിയാകുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ജഗന്റെ നിഗമനം. മാത്രമല്ല, മുഖ്യമന്ത്രിയായതിനു ശേഷം കേന്ദ്ര സർക്കാരുമായി പല കാര്യത്തിലും യോജിച്ചു പോവുകയാണ്. എൻ.ഡി.എയുടെ ഭാഗമായില്ലെങ്കിലും നരേന്ദ്രമോദിയെ പിണക്കാതെ പോവുക എന്ന തന്ത്രപരമായ നയം തുടരാനാണ് ജഗനം താത്പര്യം. ജഗന്റെ സഹോദരി വൈ.എസ്.ശർമ്മിളയെ ഒപ്പം നിറുത്താൻ കോൺഗ്രസ് നടത്തിയ നീക്കവും വിജയിച്ചില്ല.
മുൻ മുഖ്യമന്ത്രി ബി.ജെ.പിയിൽ
ആന്ധ്രയിൽനിന്നും ബി.ജെ.പിക്ക് നിലവിൽ എം.പിയും എം.എൽ.എയുമില്ല. രാജ്യത്താകെ ബി.ജെപി. നേട്ടം കൊയ്തപ്പോൾ കൈയിലുണ്ടായിരുന്ന രണ്ട് എം.പിസ്ഥാനം ആന്ധ്രയിൽ നഷ്ടമായി. ഇപ്പോൾ ഡി.പുരന്തേശ്വരിയെ സംസ്ഥാന പ്രസിഡന്റാക്കി നില മെച്ചപ്പെടുത്താനാണ് നീക്കം. ഇതിനു മുമ്പ് ടി.ഡി.പിയുമായി സഖ്യമുണ്ടാക്കിയപ്പോഴായിരുന്നു ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറെ നേട്ടുമുണ്ടായത്. 1998ൽ നാലും 1999 ൽ ഏഴും സീറ്റുകൾ നേടി. എൻ.ഡി.എയിൽ ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി ചന്ദ്രബാബു നായിഡു ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. പവൻ കല്യാണിനും എൻ.ഡി.എ ബന്ധത്തോട് താത്പര്യമാണുള്ളത്. നായിഡു അറസ്റ്റിലായ സാഹചര്യത്തിൽ ടി.ഡി.പിയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ തീരുമാനം നീളും.
ആന്ധ്രപ്രദേശിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരൺകുമാർ റെഡ്ഡിയെ ബി.ജെ.പി.യിൽ എത്തിച്ചതാണ് പുരന്തേശ്വരിയുടെ നേട്ടം. അറുപത്തിരണ്ടുകാരനായ റെഡ്ഡി അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു.
2014 മാർച്ചിൽ സംസ്ഥാനം വിഭജിക്കാനുള്ള യു.പി.എ സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാനായില്ല. ഇതോടെ 2018ൽ വീണ്ടും കോൺഗ്രസിലെത്തിയിരുന്നു.
നിയസഭകക്ഷി നില ബ്രാക്കറ്റിൽ കഴിഞ്ഞ തവണ
വൈ.എസ്.ആർ കോൺഗ്രസ് 151 (67)
തെലുങ്കുദേശം പാർട്ടി 23 (102)
ജനസേന പാർട്ടി 01 (00)
ലോക്‌സഭ
വൈ.എസ്.ആർ കോൺഗ്രസ് 22 (8)
തെലുങ്കുദേശം പാർട്ടി 03 (15)
ബി.ജെ.പി 00 (2)