‘എടുത്ത ഭക്ഷണം തിരികെ ഇടേണ്ട, പണം തന്നാൽ മതി’; വിവാദമായി പൊലീസ് വാട്സാപ് ഗ്രൂപ്പിലെ കുറിപ്പ്

0
134

ആലുവ∙ സർക്കാർ അതിഥി മന്ദിരമായ ആലുവ പാലസിൽ വിവിഐപി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോടു ഭക്ഷണത്തിനു പണം വാങ്ങുന്നതിനെച്ചൊല്ലി വിവാദം. ഒപ്പം ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു സൗജന്യമായി ഭക്ഷണം നൽകുകയും പൊലീസുകാരോടു മാത്രം പണം വാങ്ങുകയും ചെയ്യുന്ന വിവേചനത്തിനെതിരെ റൂറൽ ജില്ലയിലെ സിപിഒ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിൽ എഴുതിയ കുറിപ്പാണു വിവാദമായത്. ഇതിനെ അനുകൂലിച്ചും സ്വന്തം അനുഭവം വിവരിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി.

ഒരാഴ്ച മുൻപ് ഇടുക്കി ജില്ലാ അതിർത്തി മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളം വരെ ബംഗാൾ ഗവർണർക്കു പൈലറ്റ് ഡ്യൂട്ടി ചെയ്തപ്പോളുണ്ടായ അനുഭവമാണു സിപിഒ കുറിച്ചത്.‘രാവിലെ 9 മുതൽ അച്ചൻകവല എന്ന സ്ഥലത്തു ഗവർണറെ പ്രതീക്ഷിച്ചു നിന്നു. 12.45നു പൈലറ്റ് ഡ്യൂട്ടി തുടങ്ങി. 1.30നു പാലസിൽ എത്തി. 2.30നു ഗവർണർ അവിടെ നിന്ന് ഇറങ്ങുമെന്ന് അറിയിച്ചതിനാൽ എങ്ങും പോകാതെ കാത്തുനിന്നു. ഇതിനിടെ ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ഇതര സെക്യൂരിറ്റി ജീവനക്കാരും പാലസിൽ നിന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കു ഗവർണറുടെ സെക്യൂരിറ്റി വിഭാഗത്തിലെ ഒരാൾ വന്നു പൊലീസുകാരോടു ഭക്ഷണം കഴിക്കാൻ പറഞ്ഞു. അതനുസരിച്ചു ഡൈനിങ് ഹാളിലെ ബുഫെ ടേബിളിൽ നിന്നു ഭക്ഷണമെടുത്തു കഴിഞ്ഞപ്പോഴാണു പൊലീസുകാർക്കു ഭക്ഷണം പറഞ്ഞിട്ടില്ലെന്നു ജീവനക്കാർ അറിയിച്ചത്. എടുത്ത ഭക്ഷണം എന്തു ചെയ്യണമെന്നു ചോദിച്ചപ്പോൾ ‘തിരികെ ഇടേണ്ട, പണം തന്നാൽ മതി’യെന്നായി അവർ. ഭക്ഷണം കഴിച്ചു പണം കൊടുത്തു. വൈകിട്ടു 4 കഴിഞ്ഞാണു ഗവർണർ വിമാനത്താവളത്തിൽ നിന്നു പോയത്.

രാവിലെ 8നു വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചു വന്നാൽ വൈകിട്ടു 4 വരെ ഒന്നും കഴിക്കാതെ ഡ്യൂട്ടി ചെയ്യണോ’ എന്ന ചോദ്യത്തോടെയാണു കുറിപ്പ് അവസാനിക്കുന്നത്. സിപിഒയുടെ കുറിപ്പു സത്യമാണെന്നു ടൂറിസം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. അന്നു വിവിഐപി ഡ്യൂട്ടിക്കു വന്ന 8 പൊലീസുകാർ പാലസിൽ നിന്നു ഭക്ഷണം കഴിച്ചു. അവരിൽ പണം വാങ്ങുകയും ചെയ്തു. പാലസിൽ ഫിഷ് കറി മീൽസിനു 130–150 രൂപയാണു വില. സെഡ് പ്ലസ് കാറ്റഗറി വിവിഐപികൾക്കൊപ്പം എത്തുന്ന ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു മാത്രം സൗജന്യ ഭക്ഷണവും താമസവും നൽകാനാണു സർക്കാർ നിർദേശം.

ബിൽ നൽകുന്ന മുറയ്ക്ക് ഇതിന്റെ പണം സർക്കാർ നൽകും. അഗ്നിരക്ഷാസേനയിൽ നിന്ന് 9 പേരും ആരോഗ്യ വകുപ്പിൽ നിന്നു 4 പേരുമാണു സാധാരണ ഉണ്ടാകുക. അതേസമയം 4 അകമ്പടി വാഹനങ്ങളിൽ വരുന്നവരും സെക്യൂരിറ്റിക്കാരും അടക്കം നാൽപതോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. സർക്കാർ ഉത്തരവില്ലാതെ അതിഥി മന്ദിരങ്ങളിൽ സൗജന്യ ഭക്ഷണം നൽകാൻ കഴിയില്ലെന്നും ജീവനക്കാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here