കാസർകോട്: കാത്തുകാത്തിരുന്ന ഓണം ബംബർ നറുക്കെടുപ്പ് പൂർത്തിയായപ്പോള്‍ ഭാഗ്യം പോയത് തമിഴ്നാട്ടിലേക്ക്. പാലക്കാട് നിന്നും ടിക്കറ്റ് എടുത്ത കോയമ്പത്തൂർ സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചതെന്നാണ് റിപ്പോർട്ട്. പാലക്കാടേക്ക് ടിക്കറ്റ് എത്തിയതാവട്ടെ കോഴിക്കോടുള്ള ഏജന്‍സിയില്‍ നിന്നും.
25 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് ഒരോ കോടി രൂപയും ലഭിച്ചു. ടിക്കറ്റ് വില്‍പ്പനയിലും സമ്മാനത്തുകയിലും വലിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണം ബംബർ കടന്നു പോയത്. പതിവ് വിപരീതമായി കൂട്ടായി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും ഇത്തവണ വലിയ മുന്നേറ്റമുണ്ടായിരുന്നു.
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൂട്ടായി ഓണം ബംപർ എടുത്ത് കാഞ്ഞങ്ങാടിന് സമീപത്തെ വള്ളിക്കോത്ത് ഗ്രാമക്കാരാണ്. ഓണം ബംബർ എടുക്കാനായി ഒരുമിച്ചത് ഈ ഗ്രാമത്തിലെ 551 പേരായിരുന്നു. അതായത് എടുത്ത ടിക്കറ്റില്‍ ഏതെങ്കിലും ഒന്നിനായിരുന്നു 25 കോടി രൂപ അടിച്ചിരുന്നതെങ്കില്‍ ഒരാള്‍ക്ക് ലഭിക്കുക രണ്ടേകാല്‍ ലക്ഷം രൂപ മാത്രമായിരുന്നു.
നാട്ടിലെ ഓട്ടോഡ്രൈവര്‍മാരായ ചെറുപ്പക്കാരാണ് എന്തുകൊണ്ട് നാട്ടുകാരെ മുഴുവന്‍ ഒരുമിപ്പിച്ച് ഒരു സംഘമായി ലോട്ടറി എടുത്തുകൂടായെന്ന ചിന്തയ്ക്ക് പിന്നില്‍. ഇത് ആദ്യമായല്ല, നേരത്തേയും വലിയ സംഘമായി ഓണം ബംബർ ഉള്‍പ്പെടേയുള്ള ടിക്കറ്റുകള്‍ നേരത്തേയും എടുത്തിരുന്നു. എങ്കിലും ഇത്രയധികം പേർ ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നത് ആദ്യമായിട്ടാണ്.
കഴിഞ്ഞ തവണ 250 പേരായിരുന്നു ഓണം ബംബർ എടുക്കാനുണ്ടായിരുന്നത്. നറുക്കെടുപ്പില്‍ 12000 രൂപ ലഭിക്കുകയും ചെയ്തു. ഇത്തവണയും ഒരാളില്‍നിന്ന് 100 രൂപ പ്രകാരമാണ് വാങ്ങിയത്. ആകെ 55,100 രൂപ ലഭിച്ചു. ഇത്രയും തുകകൊണ്ട് 500 രൂപ വിലയുള്ള ബമ്പര്‍ ടിക്കറ്റ് 110 എണ്ണം വാങ്ങി. കാസർകോട് നിന്ന് മാത്രമല്ല, പാലക്കാട്ടും തിരുവനന്തപുരത്തും എറണാകുളത്തും തൃശ്ശൂരിലുമൊക്കെ പോയി ടിക്കറ്റുകള്‍ വാങ്ങി.
100 രൂപ നല്‍കിയ 551 ആളുകളുടെയും പേരുകള്‍ ബോര്‍ഡില്‍ എഴുതി കവലയില്‍ സ്ഥാപിച്ചിരുന്നു. “വെള്ളിക്കോത്തെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടിലെ പല മേഖലയിലുള്ളവരെ ചേർത്തുപിടിച്ചുകൊണ്ട് തുടർച്ചയായി നാലാം തവണയും ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്…” എന്നാണ് ബോർഡില്‍ എഴുതിവെച്ച മറ്റൊരു വാചകം.
അടിക്കുന്നത് വന്‍തുകയാണെങ്കില്‍ കിടപ്പുരോഗികളെ സാമ്പത്തികമായി സഹായിക്കുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവർ പറഞ്ഞിരുന്നു. ഒടുവില്‍ ഇന്നലെ നറുക്കെടുപ്പ് പൂർത്തിയായപ്പോള്‍ വെള്ളിക്കോത്തുകാർക്ക് ആകെ അടിച്ചത് 9000 രൂപ മാത്രം. അതായത് 100 രൂപ മുടക്കിയ ഒരാള്‍ക്ക് ലഭിച്ചത് 16 രൂപ വീതം മാത്രം. പ്രതീക്ഷിച്ച ഫലം ഇത്തവണയും ലഭിച്ചില്ലെങ്കിലും അടുത്ത വർഷവും കൂട്ടായി എടുക്കാനുള്ള കാത്തിരിപ്പിലാണ് വെള്ളിക്കോത്തുകാർ.