അബുദബി: യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. 30 വയസിന്റെ തുടക്കത്തില്‍ തന്നെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70വരെ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ മുതിര്‍ന്ന പൗരന്മാരിൽ 40 ശതമാനം ആളുകള്‍ക്ക് ഹൃദ്രോഗം വരാനുളള സാധ്യത കൂടുതലാണെന്ന് എമിറേറ്റ്‌സ് കാര്‍ഡിയോക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജുവൈരിയ അല്‍ അലി പറഞ്ഞു.
ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകുമ്പോഴാണ് പലരും രോഗത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഡോ.ജുവൈരിയ അല്‍ അലി വ്യക്തമാക്കി.