ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ തട്ടകത്തിൽ ഹൈദരാബാദ് നിസാമിന്റെ പിന്മുറക്കാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച. മുസ്‍ലിം ന്യൂനപക്ഷത്തിനിടയിൽ കോൺഗ്രസിന്റെ സംഘടനാ വ്യാപനം ലക്ഷ്യമിട്ട് തെലങ്കാന കോൺഗ്രസ് നേതാക്കൾ മുൻകൈ എടുത്താണ് ഹൈദരാബാദ് നിസാം കുടുംബത്തിലെ പിന്മുറക്കാരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ നിശ്ചയിച്ചത് പ്രകാരം കോൺഗ്രസ് പ്രവർത്തക സമിതി നടന്ന ഹോട്ടൽ താജിൽ നടന്ന കൂടിക്കാഴ്ചയിൽ നിസാം ഏഴാമനും ജവഹർലാൽ നെഹ്റുവും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധം നിസാം കുടുംബത്തിലെ പിന്മുറക്കാരനായ നജഫ് അലി ഖാൻ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു. തെലങ്കാനയിലെയും ഹൈദരാബാദിലെയും രാഷ്ട്രീയ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്തു. നിസാം കുടുംബത്തിന്റെ പിന്മുറക്കാരെ കോൺഗ്രസിലേക്ക് എത്തിച്ച് ഉവൈസിയുടെ തട്ടകത്തിൽ മുസ്‍ലിംകളെ ചേർത്തുനിർത്താനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ്.