ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ പോരടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കും ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപ മൂഡ്ഗിലിനും ഏഴ് മാസങ്ങൾക്കുശേഷം നിയമനം. 2009 ഐ.എ.എസ് ബാച്ചുകാരിയായ സിന്ദൂരിയെ കർണാടക ഗസറ്റീർ ഡിപ്പാർട്മെന്റിന്റെ ചീഫ് എഡിറ്ററായും 2000 ബാച്ച് ഐ.പി.എസുകാരിയായ ഡി. രൂപയെ ഇന്റേണൽ സെക്യൂരിറ്റി വകുപ്പിൽ ഐ.ജി ആയുമാണ് നിയമിച്ചത്. ഫെബ്രുവരിയിലാണ് ഇരുവരും സ്വകാര്യ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പോരടിച്ചത്. തുടർന്ന് സർക്കാർ ഇരുവരെയും തസ്തികകളിൽനിന്ന് മാറ്റുകയും പുതിയ ചുമതല നൽകാതിരിക്കുകയും ചെയ്തിരുന്നു. ഡി. രൂപ സംസ്ഥാന കരകൗശല വികസന കോർപറേഷൻ എം.ഡിയായിരുന്നു. ദേവസ്വം കമീഷണറായിരുന്നു രോഹിണി സിന്ദൂരി.
രോഹിണി സിന്ദൂരി മൈസൂരു കെ.ആർ.നഗറിലെ ജനതാദൾ മുൻ എം.എൽ.എയും മുൻമന്ത്രിയുമായ മഹേഷുമൊന്നിച്ച് റസ്റ്റാറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിന് പിറകെ രോഹിണി അഴിമതിക്കാരിയാണെന്നതടക്കം 19 ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്. രോഹിണിക്കെതിരെ വിവരാവകാശ പ്രവർത്തകനോട് ഡി. രൂപ നടത്തിയ ഫോൺ സംഭാഷണവും പുറത്തായിരുന്നു.