കാസർകോട് ∙ കേരള നിയമസഭയിൽ ധനമന്ത്രിയും സ്പീക്കറും തരിച്ചിരുന്ന് കേട്ട എ.കെ.എം.അഷറഫ് എംഎൽഎയുടെ കന്നഡ പ്രസംഗം, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നഡ ജനത തുടരെ തുടരെ ഫോൺ വിളിച്ച് അഷറഫിനെ അഭിനന്ദിച്ച പ്രസംഗം. ധനമന്ത്രിക്ക് പരിഭാഷപ്പെടുത്തി നൽകണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ട പ്രസംഗം. എന്തായിരുന്നു ആ കന്നഡ പ്രസംഗം? എ.കെ.എം.അഷറഫ് പറയുന്നു.‘മലയാളത്തിൽ തന്നെയാണ് പ്രസംഗം തുടങ്ങിയത്. കർണാടകയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ കേരളത്തിനും മാതൃകയാണെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. ഇടയ്ക്ക് എപ്പോഴോ കന്നഡയിലേക്ക് മാറ്റിപ്പിടിക്കുകയായിരുന്നു.
‘ഈ കേളക ചുണവളയെല്ലി ഭാരത ദേഷ്യതല്ലി ദേഷ്യത മാറകട്ടയെല്ലി പ്രീതി അങ്ങടിയണു തെരെലികെ ആഹ്വന നേടിത രാഹുൽ ഗാന്ധിയാവര അസ്തകളെന്നു…’ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു പ്രസംഗത്തിലെ കന്നഡ ഭാഗം.‘വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാനുള്ള രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ച് ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കിയ കർണാടക ജനതയോട്, ബിജെപിക്ക് ഒറ്റ എംഎൽഎ പോലുമില്ലാത്ത കേരളത്തിൽ നിന്നുള്ള അഭിനന്ദനം അറിയിക്കുന്നൂ. ഒപ്പം സിദ്ധരാമയ്യക്കും ഡികെശിവകുമാറിനും ആശംസയും.’ എന്നുള്ള ഭാഗമാണ് കന്നഡയിൽ പറഞ്ഞത്.
കർണാടക സർക്കാർ നടത്തുന്ന ജനക്ഷേമ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ ശേഷമാണ് കന്നഡയിൽ സംസാരിച്ചത് എന്നതിനാൽ ധനകാര്യ മന്ത്രി അറിയേണ്ട കാര്യമാവും എന്നു ധരിച്ചാണ് സ്പീക്കർ അതു ധനമന്ത്രിക്ക് പരിഭാഷപ്പെടുത്തി നൽകാൻ പറഞ്ഞത്. പിന്നീടുള്ള സൗഹൃദ സംഭാഷണത്തിൽ അഷറഫ് അതു ധനമന്ത്രിക്കു വിശദീകരിക്കുകയും ചെയ്തു.സംഭവം കർണാടക ജനതയുടെ ശ്രദ്ധയിലും എത്തിയതോടെ ധാരാളം ഫോൺ വിളികളാണ് കർണാടകയിൽ നിന്ന് അഷറഫിനെ തേടിയെത്തുന്നത്. കേരളത്തിലെ ഒരു എംഎൽഎ ഇവിടത്തെ നിയമസഭയിൽ കന്നഡ ഭാഷ സംസാരിച്ചത് വലിയ ആവേശത്തോടെയാണ് കർണാടകക്കാർ നോക്കിക്കണ്ടത്.
കേരള നിയമസഭയിൽ അഷറഫ് നടത്തിയ കന്നഡ പ്രസംഗം ഹൃദ്യമായ സന്ദേശമാണ് നൽകുന്നതെന്ന് കർണാടക ബെംഗളൂരു ശാന്തി നഗർ എംഎൽഎ എൻ.എ.ഹാരിസ് പറഞ്ഞു. ‘ഒരു സംസ്ഥാനത്തെ ഭാഷ, മറ്റൊരു സംസ്ഥാനത്തെ നിയമസഭയിൽ പ്രസംഗിക്കുന്നത് അപൂർവമായിരിക്കും. നമ്മുടെ കേരളം ആയതുകൊണ്ട് മാത്രമാണ് എനിക്ക് സഭയിൽ കന്നഡയിൽ പ്രസംഗിക്കാൻ കഴിഞ്ഞത്. വേറെ ഒരു സംസ്ഥാനത്ത് ഇത് പറ്റുമോ. രാഷ്ട്രീയത്തിനതീതമായി കന്നഡ ഭാഷയിലുള്ള എന്റെ പ്രസംഗം എല്ലാ നിയമസഭാംഗങ്ങളും ആസ്വദിക്കുകയാണുണ്ടായത്.–അഷറഫ് പറഞ്ഞു.