കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ അവിസ്മരീണ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി.
ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല.
മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. തന്റെ ആറാം ഓവറില്‍ മെന്‍ഡിസിനെ പുറത്താക്കി ആറാം വിക്കറ്റും നേടി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷന്‍ (1), മതീഷ പതിനാന (0) എന്നിവരെ ഹാര്‍ദിക്കും മടക്കി.
ഇന്ത്യ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.