അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങളിലൊന്നാണ് ഒരു മഹീന്ദ്ര എക്‌സ്.യു.വി.700-യുടെ മുകളിലേക്ക് ഒരു കണ്ടെയ്‌നര്‍ മറിഞ്ഞ് കിടക്കുന്നത്. വാഹനത്തിന്റെ റൂഫ് പൂര്‍ണമായും തകര്‍ന്നെങ്കിലും അതിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന്‍ സുരക്ഷിതമായിരുന്നെന്നതും ഈ വാഹനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടി കൊടുത്തിരുന്നു. ഇതിനുശേഷം ഈ വാഹനം സര്‍വീസ് സ്റ്റേഷനില്‍ ഓടിച്ച് കയറ്റുന്നതിന്റെ വീഡിയോ കൂടി എത്തിയതോടെ വാഹനത്തിന്റെ സുരക്ഷയെ മഹീന്ദ്ര ആരാധകര്‍ വാനോളം പുകഴ്ത്തിയിരുന്നു.
അപകടം നടന്നിട്ട് ഏതാനും ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഈ വാഹനം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ആളുടെ മകള്‍ സര്‍വീസ് സെന്ററിലെത്തി വാഹനത്തില്‍ രാഖി കെട്ടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ വാഹനത്തെ വീണ്ടും വൈറലാക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ഈ കുട്ടിയുടെ പിതാവ് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അദ്ദേഹം നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഒരു ചെറിയ കുട്ടി വാഹനത്തിന് സമീപം നില്‍ക്കുന്നതും കാറിന്റെ ഗ്രില്ലില്‍ രാഖി കെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനൊപ്പം വാഹനത്തിന് മുകളില്‍ കണ്ടെയ്‌നര്‍ മറിഞ്ഞ് കിടക്കുന്നതിന്റെയും വാഹനം സര്‍വീസ് സ്‌റ്റേഷനിലേക്ക് ഓടിച്ച് കയറ്റുന്നതിന്റെയും വീഡിയോയും ചേര്‍ത്തിട്ടുണ്ട്. അപകടം നടന്ന സമയത്ത് വാഹനത്തിനുള്ളില്‍ മറ്റ് യാത്രക്കാര്‍ ഒന്നും ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കാന്‍ സഹിയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. പിതാവിനൊപ്പം എത്തിയാണ് കുട്ടി വാഹനത്തില്‍ രാഖി ചാര്‍ത്തിയത്.
രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ ഓഗസ്റ്റ് മാസത്തിലാണ് അപകടമുണ്ടാകുന്നത്. തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് നന്നാക്കുന്നതിനായി ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു ലോറിയാണ് സമീപത്ത് കൂടി പോയ എക്‌സ്.യു.വിക്ക് മുകളിലേക്ക് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം എസ്.യു.വിക്കുള്ളില്‍ ഒരാളും ലോറി നന്നാക്കുന്നതിനായി രണ്ട് ആളുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. വാഹനത്തിന്റെ റൂഫ് പൂര്‍ണമായും തകര്‍ന്നെങ്കിലും വാഹനം ഓടിച്ചിരുന്നയാള്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമുണ്ടായത്.
എക്‌സ്.യു.വി.700-യില്‍ ഉപയോഗിച്ചിരിക്കുന്ന പില്ലറുകള്‍ ദൃഢതയുള്ളതായതിനാലാണ് വാഹനത്തിലുണ്ടായിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നായിരുന്നു വിലയിരുത്തലുകള്‍. ലോറി ജാക്കിയില്‍ ഉയര്‍ത്തിയപ്പോള്‍ സംഭവിച്ച വീഴ്ച്ചയായിരിക്കും മറിയാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഹീന്ദ്രയുടെ വാഹനങ്ങള്‍ നല്‍കുന്ന ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ്ങ് പേരിന് മാത്രമല്ലെന്നായിരുന്നു മഹീന്ദ്ര ആരാധകരുടെ പക്ഷം. കാറിന്റെ റൂഫിന്റെ ഭാഗം തകര്‍ന്നെങ്കിലും മറ്റ് ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.