ബംഗളൂരു: ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈത്ര കുന്ദാപുര അറസ്റ്റ് ഒഴിവാക്കാൻ മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായികയായ സംഘ്പരിവാറിന്റെ തീപ്പൊരി പ്രഭാഷകയാണ് ചൈത്ര. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇവര്‍ ഉഡുപ്പിയിലെ യൂത്ത് കോൺഗ്രസ് നേതാവായ സുരയ്യ അൻജുമിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ‘ന്യൂസ് മിനുട്ട്’ റിപ്പോർട്ട് ചെയ്തു.
ചൈത്ര നേരത്തെ ഒരു വാർത്താ ചാനലിൽ സുരയ്യയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയത്തിലാണ് പൊലീസ് എത്താൻ സാധ്യതയില്ലെന്ന വിശ്വാസത്തിൽ ഇവരുടെ വീട്ടിൽ അഭയം തേടിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസിക്കുമുൻപാകെ ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘം സുരയ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു.
എന്നാൽ, ചൈത്രയെ ഒളിവിൽ പാർപ്പിച്ചതായുള്ള ആരോപണം സുരയ്യ നിഷേധിച്ചു. ഇങ്ങനെയുള്ള ഒരാൾക്ക് എന്തിനാണു തന്റെ വീട്ടിൽ അഭയം നൽകുന്നതെന്ന് അവർ ‘ന്യൂസ് മിനുട്ടി’നോട് പ്രതികരിച്ചു. ചൈത്രയെ നേരിൽ കണ്ടിട്ടു തന്നെ വർഷങ്ങളായെന്നു പറഞ്ഞ അവർ പൊലീസിൽനിന്ന് ഒരു സമൻസും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ 12ന് ഉഡുപ്പിയിലെ കൃഷ്ണമഠത്തിൽനിന്ന് ചൈത്രയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് നടപടിക്കിടെ ചൈത്ര മോതിരം വിഴുങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ഇന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണ ചൈത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ഇവരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിനു പിന്നാലെ ഇന്നലെ മഹിളാ സാന്ത്വന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വീണ്ടും സി.സി.ബി ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണു ബോധരഹിതയായി വീണത്. ഉടൻ തന്നെ പൊലീസ് സംഘം ഇവരെ ആശുപത്രിയിലെത്തിച്ചു.
ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയിൽനിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രക്കെതിരായ കേസ്. ഉഡുപ്പി ബിന്ദൂർ സ്വദേശിയാണ് ഗോവിന്ദ് ബാബു. ചെഫ്താൽക് ന്യൂട്രി ഫുഡ്സ് എന്ന പേരിലുള്ള പോഷകാഹാര ശൃംഖലയുടെ ഉടമയാണ്. ഇതോടൊപ്പം ബംഗളൂരുവിൽ ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ് ബിസിനസും നടത്തുന്നുണ്ട്. ബംഗളൂരുവിലെ ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിനെതിരെ ഇദ്ദേഹം പരാതി നൽകിയത്.
വരലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ബിന്ദൂരിൽ കഴിഞ്ഞ ഏഴു വർഷമായി സാമൂഹികപ്രവർത്തനം നടത്തുന്നുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ബി.ജെ.പി പ്രവർത്തകൻ തന്നെ ചൈത്രയ്ക്കു പരിചയപ്പെടുത്തുന്നതെന്നും പരാതിയിൽ പറയുന്നു. ഈ പരിചയത്തിന്റെ ബലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദൂരിൽനിന്ന് ബി.ജെ.പി അക്കൗണ്ടിൽ മത്സരിപ്പിക്കാമെന്ന് ചൈത്ര ഉറപ്പുനൽകുന്നത്. ഡൽഹിയിലെ ഉന്നത ബി.ജെ.പി നേതാക്കളുമായി പരിചയപ്പെടുത്താമെന്നും ഉന്നത പദവികൾ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു.