ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൾക്കും കോളജുകൾക്കും നിയമം ബാധകമാകുമെന്ന് വാർത്താ ഏജൻസിയായ ‘എ.എൻ.ഐ’ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം.
ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങൾ പൗരന്മാർ നിർവഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനാ ആമുഖം വായിക്കാനുള്ള സൗകര്യമൊരുക്കുന്നത് അതുകൊണ്ടാണ്. ഭരണഘടനാ തത്വങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ഉത്ബുദ്ധരാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ബി.ആർ അംബേദ്കർ പൗരന്മാർക്കു നൽകിയ സമ്മാനമാണു ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. നീതിയും സമത്വവും ഊന്നിപ്പറയുന്ന വിശുദ്ധമായ നിയമപുസ്തകമാണത്. അതുകൊണ്ട് ആമുഖം വായിക്കുന്നതിനു പിന്നിൽ പ്രധാനപ്പെട്ടൊരു ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കു പുറമെ അധ്യാപകരും രാവിലെ പ്രഭാത പ്രാർത്ഥനയ്‌ക്കൊപ്പം ഭരണഘടനാ ആമുഖം വായിക്കണം. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഭരണഘടനാ തത്വങ്ങൾ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രതിജ്ഞയെടുക്കുകയും വേണം.
ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ബംഗളൂരുവിലെ വിധാൻ സൗധയിൽ വിപുലമായ ഭരണഘടനാ ആമുഖം വായിക്കൽ പരിപാടി സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ ഡോ. ജി. പരമേശ്വര, രാമലിംഗ റെഡ്ഡി, ഈശ്വർ ഖാന്ദ്രെ, കെ.ജി ജോർജ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ആയിരക്കണക്കിനു പേരും പരിപാടിയില്‍ പങ്കെടുത്തു.