തിരുവനന്തപുരം: എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും ഇൻസ്പെക്ടർ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ.സജീഷിനെതിരെയാണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളക്കം ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതോടെയാണ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം തുടങ്ങിയത്.
മംഗലപുരത്ത് ക്രിമിനലുകളുമായുള്ള ബന്ധത്തിൻെറ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെതിരെയാണ് പുതിയ പരാതി. സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെ അടുത്തിടെ തിരിച്ചെടുത്ത് മലക്കപ്പാറ സ്റ്റേഷനിൽ നിയമിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാദ സംഭവം. മോഷണക്കേസിൽ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി സ്റ്റേഷൻ നിന്നും ചാടി. അടുത്ത ദിവസത്തിന് ശേഷം എസ്എച്ച്ഒ സജീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ചാടിപ്പോയതിൻെറ പേരിൽ സ്റ്റേഷനിലെ എസ്ഐ അമൃത് സിംഗ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തു.
വകുപ്പ് തല അന്വേഷണത്തിനിടെയാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു മുന്നിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തിനാൽ തന്നെ മനപൂർവ്വം എസ്എച്ച്ഒ കുരുക്കിയെന്നായിരുന്നു എസ്ഐയുടെ പരാതി. പ്രതിയെ ചാടിപോകാൻ സഹായം നൽകുന്ന സിടിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഈ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരും കണ്ടു. ഇതേ തുടർന്നാണ് സജേഷിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റൂറൽഎസ്പി ഡി.ശിൽപ്പ നിർദ്ദേശം നൽകുകയായിരുന്നു.
അഴിമതി ആരോപണത്തിൻെറ പേരിൽ ജില്ലയിൽ നിന്നും മാറ്റിയ മറ്റൊരു ഡിവൈഎസ്പിയാണ് എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആദ്യം ശുപാർശ നൽകിയത്. ഇൻസ്പെക്ടർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധത്തിൻെ പേരിൽ മംഗലുരം സ്റ്റേഷനിൽ കൂട്ട നടപടിയെടുത്തിരുന്നു.