ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശ്രേയസ് അയ്യരുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദന ആയിരിക്കുകയാണ്. താരത്തെ ഫിറ്റാക്കി ഏഷ്യാ കപ്പിന് ഇറക്കാമെന്നാണ് ടീം മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍ നേപ്പാളിനെതിരേ ഫീല്‍ഡ് ചെയ്യവെ ശ്രേയസിന് വീണ്ടും പരിക്കേറ്റു. ഇതോടെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന ഓസീസ് പരമ്പരയും പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പും ശ്രേയസ് കളിച്ചേക്കില്ലെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ശ്രേയസ് പോയെന്നാണ് അറിയുന്നത്. ശ്രേയസ് അയ്യര്‍ പുറത്തായാല്‍ പകരം ആരാവും ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ശ്രേയസിന് പകരം മലയാളി താരം സഞ്ജു സാംസണിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും താരത്തിന് വിളിയെത്തില്ലെന്നാണ് മനസിലാക്കുന്നത്. കാരണം നിലവില്‍ ഇന്ത്യക്കാവശ്യം ഇടം കൈയന്‍ താരത്തെയാണ്. അതുകൊണ്ടുതന്നെ തിലക് വര്‍മക്കാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് സൂചന. ഏഷ്യാ കപ്പിലേക്ക് ഇന്ത്യ പരിഗണിച്ച താരമാണ് തിലക്.
തിലക് ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്ന താരമാണ് എന്നതും താരത്തിന് മുന്‍ഗണന നല്‍കുന്നു. ഇതോടെ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലേക്കും തിലകിനെ പരിഗണിക്കാന്‍ ഇന്ത്യക്ക് സാധിക്കും. സഞ്ജുവിലേക്ക് വന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായതിനാല്‍ ടീമില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ഉണ്ടെന്നിരിക്കെ താരത്തിന് അവസരം ലഭിച്ചേക്കില്ല.