ഷൊർണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷൊർണ്ണൂർ റെയിൽ വേ സ്റ്റേഷനിലും പരാമ്പര പ്രദേശങ്ങളിലുമാണ് എൻഐഎ നോട്ടീസ് പതിച്ചിരിക്കുന്നത്. പട്ടാമ്പി, ചെർപ്പുളശ്ശേരി സ്വദേശികളായ നാലുപേരും എറണാകുളം സ്വദേശിയായ ഒരാളും പേരും വിവരവും അറിയാത്ത ഒരാളുമാണ് ലിസ്റ്റിലുള്ളത്.
പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുൾ റഷീദ് (32), ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി മാരായമംഗലം സൗത്ത് കണ്ണീർപള്ളിയാലിൽ മുഹമ്മദാലി (42), കൂറ്റനാട് വാവന്നൂർ ചാലിപ്പുറം കട്ടിൽമാടം മാവറ വീട്ടിൽ ഷാഹുൽ ഹമീദ് (54), മേലെ പട്ടാമ്പി തെക്കുമുറി ജുമാമസ്ജിദിന് സമീപം ഇട്ടിലത്തൊടിയിൽ മുഹമ്മദ് മൻസൂർ, എറണാകുളം പറവൂർ മുപ്പത്തടം എലൂർക്കര വാടക്കെയിൽ അബ്ദുൾ വഹാബ് (36), പേരുവിവരങ്ങൾ ലഭിക്കാത്ത മറ്റൊരാൾ എന്നിവരാണ് കേസിലെ പിടികിട്ടാപ്പുള്ളികൾ.എൻ.ഐ.എ. കൊച്ചി ഓഫീസിൽ രജിസ്റ്റർ ചെയ്ത പി.എഫ്.ഐ. കേസിലെ പ്രതികളാണിവർ.
പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പേരും വിവരവും ലഭ്യമാകാത്തയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം. എറണാകുളം സ്വദേശി അബ്ദുൾ വഹാബിനെക്കുറിച്ചും പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾറഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം വീതവും,മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം വീതവുമാണ് പ്രതിഫലം ലഭിക്കുക.പ്രതികളെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.എൻ.ഐ.എ. കൊച്ചി ഓഫീസിലെ ഫോൺ നമ്പറും നോട്ടീസിലുണ്ട്.