ഉപ്പള: ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ മംഗളൂരുവിലെ ഗവ. വെൻലോക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനസികപ്രശ്‌നങ്ങളെതുടർന്നാണ് ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
ഉപ്പള പച്ചിലംപാറയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉപ്പള കൊടിബയലിലെ സുമംഗല-സത്യനാരായണ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.
അമ്മയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെ വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്ററകലെയുള്ള മുളിഞ്ച വയലിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിൽ അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ വെള്ളം കയറിയതായും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ബുധനാഴ്ച മംഗൽപ്പാടി താലൂക്ക് ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച കുട്ടിയുടെ മൃതദേഹം മഞ്ചേശ്വരം എസ്.ഐ. എൻ. അൻസാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹ പരിയാരത്തേക്ക് കൊണ്ടുപോയത്.