മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയെ ബംഗളൂരു അഡി.പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഈ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കൂട്ടുപ്രതികളായ ശ്രീകാന്ത് നായക്
ഗംഗൻ കഡുർ,എ.പ്രസാദ് എന്നിവരേയും റിമാൻഡ് ചെയ്തിട്ടുണ്ട്.സംഘ്പരിവാർ വേദികളിലെ തീപ്പൊരി പ്രസംഗകയായ ചൈത്ര കോടതിയിൽ ജഡ്ജിക്ക് മുമ്പാകെ വിങ്ങിപ്പൊട്ടി.പൊലീസ് തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ബംഗളൂരുവിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിൽ വാഹനങ്ങൾ നിറുത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ അറസ്റ്റ് ചെയ്തത്.
കുറേനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര വയലറ്റ് നിറമുള്ള ടോപ്പും വെള്ള പാന്റ്സും കണ്ണുകൾ ഒഴികെ മുഖഭാഗങ്ങൾ മറയുന്ന മാസ്കും ധരിച്ച് പ്രത്യക്ഷപ്പെടുകയായിരുന്നു. ബൈന്തൂരിലെ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായ ഗോവിന്ദ ബാബു പൂജാരി ബംഗളൂരു ബണ്ടെപള്ള്യ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ചൈത്ര അറസ്റ്റിലായത്.ആഢംബര കാർ വാങ്ങുകയും ഉയർന്ന താമസ സൗകര്യം സ്വന്തമാക്കുകയും ചെയ്ത് സുഖലോലുപയായി കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടി വീണത്.