മംഗളൂരു: അബുദാബിയിൽനിന്നും ദുബായിൽനിന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 82 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് കാസർകോട് സ്വദേശികൾ കസ്റ്റംസ് പിടിയിലായി. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് ഷർഫാദ് (25), ബേവിഞ്ച സ്വദേശി ഉനൈസ് (38), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ആസിഫ് (30) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഉനൈസാണ് അറസ്റ്റിലായത്.
സെപ്റ്റംബർ മൂന്നിന് പുലർച്ചെയുള്ള എയർ ഇന്ത്യാ എക്സ്‌പ്രസിൽ അബുദാബിയിൽനിന്നെത്തിയ മുഹമ്മദ് ഷർഫാദിൽനിന്ന് 11,03,490 രൂപ വില വരുന്ന 183 ഗ്രാം സ്വർണമാണ് പിടിച്ചത്.
പശരൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അന്നുതന്നെ രാവിലെ 7.30-ന് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാരൻ ഉനൈസിൽനിന്ന് 56,68,200 രൂപ വില വരുന്ന 940 ഗ്രാം സ്വർണവും പിടികൂടി.
പശരൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാളും ശ്രമിച്ചത്. അറസ്റ്റുചെയ്ത് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച രാവിലെ 7.30-ന് ദുബായിൽനിന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ മംഗളൂരുവിലെത്തിയ മുഹമ്മദ് ആസിഫിൽനിന്ന് 14,49,580 രൂപ വില വരുന്ന 242 ഗ്രാം സ്വർണവും പിടികൂടി. പൊടിരൂപത്തിലാക്കിയ സ്വർണം ബ്രൗൺ നിറത്തിലുള്ള മിശ്രിതം പുരട്ടി ഇയാൾ കൊണ്ടുവന്ന പേപ്പർപെട്ടിയുടെ നാലുവശങ്ങളിലായി ഒട്ടിച്ച് കടത്താനാണ് ശ്രമിച്ചത്.