തിരുവനന്തപുരം: റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് റോഡ് സുരക്ഷ കമ്മീഷണര്‍ എസ്.ശ്രീജിത്ത്. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എ.ഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 720 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ.ഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്. കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ട്. റോഡ് അപകടങ്ങള്‍ കുറച്ച് പരമാവധി പേരുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഗതാഗത കമ്മീഷന്‍റെ നിലപാട്. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 65 ശതമാനം പേരും ബൈക്കില്‍ യാത്ര ചെയ്യുന്നവരാണ്. അതില്‍ ഭൂരിഭാഗവും ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുന്നവരായിരുന്നു. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ തലക്ക് പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും എ.ഐ കാമറകളില്‍ കണ്ടെത്തിയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീലിനായി പോര്‍ട്ടല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.