കോഴിക്കോട്: ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന സി.പി.എം. നേതാവ് പി. ജയരാജന്റെ റെക്കോര്‍ഡ് മറികടക്കാതെ ചാണ്ടി ഉമ്മന്‍. 2005-ല്‍ കൂത്തുപറമ്പില്‍ പി. ജയരാജന്‍ കുറിച്ച റെക്കോര്‍ഡാണ് സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം. 45,377 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കോണ്‍ഗ്രസിലെ കെ. പ്രഭാകനോട് പി. ജയരാജന്‍ നേടിയത്.
2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് വിജയിച്ച പി. ജയരാജന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു ഹര്‍ത്താല്‍ ദിവസം പോസ്റ്റ് ഓഫീസ് ആക്രമിച്ചതിന് പി. ജയരാജനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് പരിഗണിക്കാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയരാജന്റെ പത്രിക സ്വീകരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. പ്രഭാകരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തള്ളിയ ഹര്‍ജി സുപ്രീം കോടതയില്‍ എത്തിയപ്പോള്‍ കെ. പ്രഭാകരന് അനുകൂലമായി വിധി വന്നു.
സുപ്രീം കോടതി ജയരാജനെ അയോഗ്യനാക്കിയതോടെ വന്ന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജനവിധി തേടി. കെ. പ്രഭാകരന്‍ തന്നെയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 2001-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നേടിയ 18,620 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ടത്.
വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ടില്‍തന്നെ പുതുപ്പള്ളിയില്‍ കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി, ജെയ്ക് സി. തോമസിനെതിരെ നേടിയത്. എട്ടാം റൗണ്ടോടെ മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡും ചാണ്ടി ഉമ്മന്‍ കടന്നിരുന്നു. 2011-ല്‍ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടി നേടിയത്.