നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാം

0
207

ദുബൈ: 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാം. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു.

സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവിങ് ക്ലാസില്‍ ചേരേണ്ടതില്ല. ഏപ്രിലില്‍ ദുബൈ ആര്‍ടിഎ ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നു.

ദുബൈ ഗോള്‍ഡന്‍ ചാന്‍സ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് അപേക്ഷിക്കേണ്ട വിധം

നിലവിലുള്ള ലൈസന്‍സുകള്‍ക്ക് പകരം പുതിയ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുക എന്ന സേവനം ലഭിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോയെന്ന് ആര്‍ടിഎയുടെ ഓണ്‍ലൈന്‍ സേവനം ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പാക്കുക.

ആടിഎയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഗോള്‍ഡന്‍ ചാന്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. എമിറേറ്റ്‌സ് ഐഡി നമ്പര്‍, കാലപരിധി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപിയും നല്‍കി നടപടി പൂര്‍ത്തിയാക്കണം. വ്യക്തി വിവങ്ങള്‍, പേര്, സ്‌പോണ്‍സറുടെ പേര്, ജോലി, കോണ്‍ടാക്‌സ് വിവരങ്ങള്‍ എന്നിങ്ങനെ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. അതിന് ശേഷം നിങ്ങള്‍ക്ക് സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്ന വിവരം നല്‍കണം. മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ രാജ്യത്തിന്റെ പേര് സെലക്ട് ചെയ്യുക.

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ലൈസന്‍സ് ഇഷ്യു ചെയ്ത തീയതി, കാലപരിധി, കാറ്റഗറി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) എന്നിവ നല്‍കണം. നിങ്ങളുടെ രാജ്യത്തെ ലൈസന്‍സ് ഓട്ടോമാറ്റിക് കണ്‍വേര്‍ഷന് യോഗ്യമല്ലെങ്കില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത് – ഗോള്‍ഡന്‍ ചാന്‍സ് വഴി ഡ്രൈവിങ് ക്ലാസുകള്‍ ഇല്ലാതെ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസാകുക. അല്ലെങ്കില്‍ സാധാരണ രീതിയില്‍ ഡ്രൈവിങ് ക്ലാസുകള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍, ഡ്രൈവിങ് ടെസ്റ്റ് എന്നിവ വഴി ലൈസന്‍സ് നേടുക.

ഗോള്‍ഡന്‍ ചാന്‍സ് അപേക്ഷകര്‍ ഐ ടെസ്റ്റും നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസ്സാകണം. 2,000 ദിര്‍ഹമാണ് ഏകദേശ ചെലവ്. ലൈസന്‍സ് വിവരങ്ങളും ഡ്രൈവിങ് സ്‌കൂളും അനുസരിച്ച് ചെലവില്‍ മാറ്റം വരുമെന്ന് ആര്‍ടിഎ വെബ്‌സൈറ്റില്‍ അറിയിച്ചു. പാസായാല്‍ രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ പിന്നീട് അഞ്ച് വര്‍ഷത്തേക്ക് പുതുക്കാം.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here