തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല, ജനം സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകും: മന്ത്രി കെ കൃഷ്ണൻകുട്ടി

0
137

പാലക്കാട്: വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന കെഎസ്ഇബി വാദം തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രതിസന്ധി ഉണ്ടെങ്കിലും നിലവില്‍ നിയന്ത്രണമുണ്ടാകില്ല. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചു എന്നത് വസ്തുതയാണ്. എന്നാല്‍ നിലവിലെ മഴ മുന്നറിയിപ്പില്‍ പ്രതീക്ഷയുള്ളതിനാല്‍ നിയന്ത്രണം ഉടന്‍ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബിയും അഭ്യര്‍ത്ഥിച്ചിരുന്നു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് ആവശ്യം.

വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നായിരുന്നു കെഎസ്ഇബി നേരത്തെ അറിയിച്ചത്. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന വൈദ്യുതാവശ്യകതയും ക്ഷാമവും പ്രതിസന്ധിയാണ്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here