ഫർഹാസിന്റെ അപകടമരണം: മലക്കം മറിഞ്ഞ് പൊലീസ്, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി

0
206

കാസര്‍കോട്: കുമ്പളയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഇന്നലെ വൈകിട്ടാണ് ഉത്തരവ് ഇറക്കിയത്. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം.

ആരോപണവിധേയരായ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ കുട്ടിയുടെ കുടുംബം ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ പൊലീസ് മേധാവിയെ കണ്ട് പ്രതിഷേധം അറിയിച്ച കുടുംബം സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് കാര്‍ അപകടത്തില്‍ മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നു. പൊലീസ് വാഹനം കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ചാണ് കാര്‍ മറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here