നരൈനെ പുറത്താക്കിയ റെഡ് കാര്‍ഡ് റൂള്‍!! അറിയാം ക്രിക്കറ്റിലെ ചുവപ്പ് കാര്‍ഡ് നിയമം

0
132

കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരൈന് പുറത്തുപോകേണ്ടി വന്ന സംഭവം ക്രിക്കറ്റ് ലോകത്താകെ ചര്‍ച്ചയാണ്. ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡോ എന്നാലോചിച്ച് തല പുകച്ചവരായിരിക്കും അതില്‍ കൂടുതല്‍ പേരും. അതേ, ക്രിക്കറ്റില്‍ പുതിയ ചുവപ്പ് കാര്‍ഡ് നിയമം അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഇത്തരം നിയമം ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും പ്രീമിയര്‍ ലീഗ് പോലെ ഉള്ള ടൂര്‍ണമെന്‍റുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് റെഡ് കാര്‍ഡ് റൂള്‍ കൊണ്ടുവരുന്നത്.

ക്രിക്കറ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ച പുതിയ നിയമമാണ് റെഡ് കാര്‍ഡ് റൂള്‍. റെഡ് കാര്‍ഡ് നടപടി ഈ സീസണ്‍ മുതല്‍ നടപ്പാക്കുമെന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ ടൂര്‍ണമെന്‍റിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റിലെ റെഡ് കാര്‍ഡ് റൂള്‍ എന്താണ്? വിശദമായി അറിയാം…

മത്സരത്തിന്‍റെ സമയത്തെ ബാധിക്കുന്ന കുറഞ്ഞ ഓവര്‍ നിരക്ക് ഒഴിവാക്കാനായി കൊണ്ടുവന്ന നിയമമാണ് ക്രിക്കറ്റിലെ റെഡ് കാര്‍ഡ് റൂള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ഇതാദ്യമായി നടപ്പിലാക്കുന്നത്. റെഡ് കാര്‍ഡ് നിയമപ്രകാരം ബാറ്റിങ് ടീമിന്‍റെ 20-ാം ഓവര്‍ തുടങ്ങും മുമ്പ് ബൗളിങ് ടീം ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും

85 മിനുട്ടാണ് ഒരോ ഇന്നിങ്സും പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം. ഇതുപ്രകാരം ഓരോ ഓവറും എറിയാനായി ബൗളിങ് ടീമിന് അനുവദിച്ചിരിക്കുന്ന സമയം നാല് മിനുട്ടും 25 സെക്കന്‍ഡുമാണ്. ഈ കണക്ക് പ്രകാരം ബൗളിങ് ടീം 19 ഓവര്‍ പരമാവധി 81 മിനുട്ടില്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡിങ് ടീമിനെതിരെ അംപയര്‍ക്ക് റെഡ‍് കാര്‍ഡ് ഉയര്‍ത്താം. ഇങ്ങനെ അമ്പയര്‍ റെഡ് കാര്‍ഡ് ഉയര്‍ത്തിയാല്‍ ബൗളിങ് ടീമിലെ 11 പേരില്‍ ഒരാള്‍ പുറത്തുപോകേണ്ടി വരും. ഏത് താരമാകും പുറത്ത് പോകേണ്ടിവരിക എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകുക.

സ്ലോ ഓവര്‍ റേറ്റ് വ്യക്തിപരമല്ലാത്തതുകൊണ്ടും ഫുട്ബോളിലെപ്പോലെ വ്യക്തിഗത ഫൌളിന് കൊടുക്കുന്നതുപോലെ ഒരു താരത്തിനല്ല ക്രിക്കറ്റില്‍ റെഡ് കാര്‍ഡ് കൊടുക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്ക് ടീമിന് മുഴുവനായുള്ള ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ അമ്പയര്‍ കാര്‍ഡുയര്‍ത്തുന്നത് ബൗളിങ് ടീമിന് മൊത്തമായി ആയിരിക്കും.അതിന് ശേഷം സ്വാഭാവികമായും ഒരു താരത്തിനെ കളിക്കളത്തില്‍ നിന്ന് ബൗളിങ് ടീം തിരിച്ചയക്കണം. ആ തീരുമാനം ബൗളിങ് ടീം ക്യാപ്റ്റന് എടുക്കാം. ബൗളിങ് ടീം നായകന്‍ നിര്‍ദേശിക്കുന്ന ഒരു താരം തിരിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങും. ഇയാള്‍ക്ക് അവസാന ഓവറിലെ ആറ് പന്തും ഫീല്‍ഡില്‍ നഷ്ടപ്പെടും എന്ന് മാത്രമല്ല, പകരം ബൗളിങ് ടീമിന് ഫീല്‍ഡര്‍ ഇറങ്ങാനും പാടില്ല. ഇതോടെ അവസാന ഓവറില്‍ ബൗളിങ് ടീം 10 പേര്‍ മാത്രമായി ഫീല്‍ഡില്‍ ചുരുങ്ങും. ഇതിന് പുറമേ ചുവപ്പ് കാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാന ഓവറില്‍ രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ 30 വാര സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യിക്കാനും കഴിയൂ എന്ന നിയമവും ബൗളിങ് ടീമിന് മേല്‍ ഉണ്ടാകും..

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്-സെന്‍റ് കിറ്റ്സ് പാട്രിയോട്സ് മത്സരത്തില്‍ നടന്നത്…

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഗ്രൗണ്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വരുന്ന താരമായി വെസ്റ്റിന്‍ഡീസ് സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്‍. കഴിഞ്ഞ ദിവസം നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് സംഭവം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും സെന്‍റ് കിറ്റ്സ് പാട്രിയോട്സും തമ്മിലുള്ള മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ അടയാളപ്പെടുത്തലായി മാറിയ സംഭവം നടന്നത്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയെന്ന് വ്യക്തമായതോടെ 20ാം ഓവറിന് മുമ്പ് അമ്പയര്‍ മത്സരം നിര്‍ത്തിവെക്കുകയും റെഡ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ സുനില്‍ നരെയ്‌നോട് പുറത്തുപോകാന്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ദേശിച്ചു. മത്സരത്തില്‍ നാലോവര്‍ പൂർത്തിയാക്കിയിരുന്ന നരെയ്‌ന്‍ 24 റണ്‍സ് വിട്ടുനൽകി മൂന്നുപേരെ പുറത്താക്കിയിരുന്നു. എന്നാൽ, ഒരാൾ കുറഞ്ഞതോടെ ട്രിന്‍ബാഗോയുടെ ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ ഓവറിൽ സെന്‍റ് കിറ്റ്സിനായി ഷെർഫെയ്ൻ റൂതർഫോഡ് 18 റൺസ് അടിച്ചുകൂട്ടി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നൈറ്റ് റൈഡേഴ്സ് 178 റൺസ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍റ് കിറ്റ്സ്‌ പാട്രിയോട്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 32 പന്തിൽ 61 റൺസടിച്ച നിക്കോളാസ് പൂരന്‍റെ മികവിലായിരുന്നു ട്രിന്‍ബാഗോയുടെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here