കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അംഗഡിമുഗര്‍ സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പുത്തിഗെ പള്ളത്താണ് അപകടം നടന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെത്തിയതായിരുന്നു ഫര്‍ഹാസും കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളും. വെള്ളിയാഴ്ച ദിവസമായതിനാല്‍ ഉച്ചയ്ക്ക് പള്ളിയിലേക്ക് പോകാന്‍ വേണ്ടി ഫര്‍ഹാസും കൂടെ പഠിക്കുന്ന കുട്ടികളും കാറില്‍ പോകുമ്പോള്‍ ഖത്തീബ് നഗര്‍ എന്ന സ്ഥലത്തുണ്ടായിരുന്ന കുമ്പള പൊലീസ് കാറിന് കൈകാണിച്ചു. വണ്ടി നിര്‍ത്തിയതിന് ശേഷം അവിടെ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യാഗസ്ഥന്‍ ഇവര്‍ യാത്ര ചെയ്ത കാറിന്റെ ഡോര്‍ ചവിട്ടുകയും ഫര്‍ഹാസ് അടക്കമുള്ളവരെ ചീത്തവിളിക്കുകയും ചെയ്തു. ഭയന്നോടിയ വിദ്യാര്‍ഥികളെ ആറുകിലോ മീറ്ററോളം പൊലീസ് പിന്തുടരുകയും ഇതിനിടെ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കളത്തുരില്‍ തലകീഴായി മറിയുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസിനെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായുമായിരുന്നു. സ്പൈനല്‍ കോഡ് തകര്‍ന്ന ഫര്‍ഹാസ് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം ഉണ്ടാകാന്‍ കാരണക്കാരായ പൊലിസ് ഉദ്യാഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് നരഹത്യ കേസ് ചുമത്തണമെന്ന് മുഖ്യമന്ത്രിക്ക് മാതാവ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.