ദില്ലി: ഹരിയാന നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എങ്കിലും നടത്തും എന്നാണ് സംഘാടകർ അറിയിച്ചത്.
അതേസമയം, വിഎച്ച്പി ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നൂഹിൽ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനങ്ങളും തുറന്നില്ല. അതിർത്തിയിൽ കർശന പരിശോധന നടക്കുകയാണ്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ആരെയും കടത്തി വിടുന്നില്ല. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുത് എന്നഭ്യർതിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ആളുകൾ അവരുടെ വീടിന് അടുത്തുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തണം എന്ന് മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ക്രമസമാധാനം കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചതെന്നും ഖട്ടാർ പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്താൽ നടപടി എന്ന് പൊലീസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്‍റെ സഹായവും തേടാനാണ് നീക്കം. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ചതുപോലെ രാവിലെ 11 മണിക്ക് തന്നെ മഹാക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ഘോഷയാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ബജ്രംഗ് ദള്‍, ഗോ രക്ഷാ ദള്‍ അടക്കമുള്ള സംഘടനകളും യാത്രയില്‍ പങ്കെടുക്കും.വൈകീട്ട് നാല് മണിവരെയാണ് യാത്ര. ഭരണകൂടം നിരോധിച്ച യാത്ര നടത്തുമെന്ന് വിഎച്ച് പി വ്യക്തമാക്കുമ്പോള്‍ നൂഹിലെ സാഹചര്യം സങ്കീര്‍ണ്ണമായേക്കാം.