ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞതില്‍ മുന്‍ താരങ്ങളുടെ എതിര്‍പ്പ് തുടരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പിന്നര്‍ എന്ന് ചഹലിനെ വിശേഷിപ്പിച്ച ഇതിഹാസ താരം ഹര്‍ഭജന്‍ സിംഗിന് പിന്നാലെ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഐപിഎല്ലില്‍ ആര്‍സിബിയില്‍ ഒന്നിച്ച് കളിച്ച താരങ്ങളാണ് ചഹലും എബിഡിയും.
ഏഷ്യ കപ്പ് സ്‌ക്വാഡില്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് സ്‌പിന്നര്‍. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരുമായും ഇടംപിടിച്ചപ്പോള്‍ ചഹല്‍ പുറത്താവുകയായിരുന്നു. ഇതിനെ കുറിച്ച് മിസ്റ്റര്‍ 360യുടെ പ്രതികരണം ഇങ്ങനെ. ‘ചഹല്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. ആരെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് സെലക്ടര്‍മാര്‍ കൃത്യമായി വ്യക്തമാക്കിക്കഴിഞ്ഞു. യുസി ടീമിലില്ലാത്തത് എന്നെ നിരാശപ്പെടുത്തുന്നു. യുസിയെ പോലൊരു ലെഗ് സ്‌പിന്നര്‍ ടീമിലുള്ളത് എപ്പോഴും നല്ലതാണ്, നന്നായി ഉപയോഗിക്കാന്‍ കഴിയും. അദേഹം എത്രത്തോളം കഴിവുള്ള താരമാണ് എന്ന് നമുക്കറിയാം’ എന്നുമാണ് തന്‍റെ യൂട്യൂബ് ചാനലില്‍ എബിഡിയുടെ വാക്കുകള്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചഹലിന് പകരം അക്സര്‍ പട്ടേലിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ബാറ്റിംഗ്, ഫീല്‍ഡിംഗ് മികവുകള്‍ കൂടി കണക്കിലെടുത്തായിരുന്നു അക്സറിനെ ചഹലിന് പകരം ടീമിലെടുത്തത്. സമീപകാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയിലെ മോശ ഫോം ചഹലിന് തിരിച്ചടിയായി. രണ്ട് വര്‍ഷമായി ചാഹലിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയിരുന്നില്ല. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. മുപ്പത്തിമൂന്നുകാരനായ ചഹല്‍ ഏകദിനത്തില്‍ 72 കളിയില്‍ 121 വിക്കറ്റും 77 റണ്‍സുമാണ് നേടിയിട്ടുള്ളത്. അതേസമയം അക്സറിന്‍റെ സമ്പാദ്യം 52 ഏകദിനങ്ങളില്‍ 58 വിക്കറ്റും രണ്ട് ഫിഫ്റ്റികള്‍ സഹിതം 413 റണ്‍സും.
ഏതാനും മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഒരു ബൗളറും മോശം താരമാകുന്നില്ലെന്നും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളറാണ് ചഹലെന്നുമായിരുന്നു നേരത്തെ ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം. വലംകൈയന്‍ ബാറ്റര്‍മാരില്‍ നിന്ന് പുറത്തേക്ക് തിരിയുന്ന പന്തുകള്‍ എറിയാന്‍ കഴിയുന്ന ലെഗ് സ്പിന്നര്‍ ഏത് ടീമിനും മുതല്‍ കൂട്ടാണ് എന്ന് ഭാജി അന്ന് വ്യക്തമാക്കിയിരുന്നു.