മംഗലാപുരം: ജിഎച്ച്എസ്എസ് അംഗഡിമുഗറിലെ പ്ലസ്‌ടു വിദ്യാർത്ഥിക്ക് വാഹനാപകടത്തൽ മാരകമായി പരുക്കേറ്റ സംഭവത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എകെ എം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി.
കത്തിന്റെ പൂർണ്ണരൂപം
പുത്തിഗെ പഞ്ചായത്തിലെ അംഗഡിമുഗർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്ക് ഒരു വിദ്യാർത്ഥി കാറുമായി വരുകയും സ്‌കൂളിന് തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന പ്രദേശത്ത് പോലീസുകാർ വിരട്ടിയപ്പോൾ ഭയന്ന് അഞ്ചോളം വിദ്യാർത്ഥികളടങ്ങിയ കാറുമായി ഓടിച്ചു പോവുകയും ഇവരെ പിന്തുടർന്ന് പോലീസുകാരും അതിവേഗത്തിൽ പോവുകയും 5-6 കിലോമീറ്ററോളം അപ്പുറത്ത് പുത്തിഗെ പള്ളം എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും അപകടത്തിൽ അംഗഡിമുഗർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഫർഹാൻ എന്ന കുട്ടിക്ക് സാരമായി പരുക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടം മൂലം കുട്ടിയുടെ സ്‌പൈനൽ കോഡ് തകർന്ന് കോമയിലായ അവസ്ഥയിലാണ്. കാർ നമ്പറും വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടും ഒഴിവാക്കാമായിരുന്ന അമിത വേഗത്തിലുള്ള പോലീസിന്റെ പിന്തുടർച്ചയാണ് അപകടത്തിന് കാരണമായത്. ഭയന്നോടിയ വിദ്യാർത്ഥികളെ 6 കിലോമീറ്ററിലേറെ അമിത വേഗത്തിലാണ് പോലീസ് ഓടിച്ചത്. ഇതിന് നാട്ടുകാരും സമീപത്തെ വീടുകളിലെ സിസി ടിവി ദൃശ്യങ്ങളും തെളിവാണ്. വണ്ടി അപകടത്തിൽ പെട്ടയുടൻ രക്ഷപ്പെട്ട വിദ്യാർത്ഥികളെ മർദ്ധിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഗുരുതരാവസ്ഥയിൽ പരുക്കേറ്റ വിദ്യാർത്ഥിയെ മംഗലാപുരത്തെ ആശുപത്രയിൽ പ്രവേശിഷിപ്പിച്ച പോലീസുകാർ കുട്ടിയുടെ അവസ്ഥ മോശമാണെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ ആവാത്ത വിധം കുട്ടി കോമയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചപ്പോൾ പോലീസുകാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ആശുപത്രി വിട്ടതായും പരാതിയുണ്ട്. സ്‌കൂളുകളിലേക്ക് വാഹനവുമായി വരുന്നതിനെ തടയേണ്ടത് ഉണ്ടെങ്കിലും പല ആഘോഷങ്ങൾക്കും ചില വിദ്യാർഥികൾ വാഹനവുമായി വരുന്നത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരുകായാണ്. വണ്ടിയോടിച്ച വിദ്യാർത്ഥിക്ക് ലൈസൻസ് ഉള്ളതായും വണ്ടിയുടെ പേപ്പറുകളെല്ലാം കൃത്യമായി ഉണ്ടതായും പറയുന്നുണ്ട്. സംശയാസ്പദമായി ഒന്നും തന്നെ വണ്ടിയിലും ഇല്ലായിരുന്നു. എന്നിരുന്നാലും കുട്ടികളാണ് പോലീസിനെ പേടിച്ചാണ് ഓടിയതെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധ്യമുള്ള പോലീസുകാർ 6 കിലോമീറ്ററോളം അതിവേഗത്തിൽ പിന്തുടർന്നത് മൂലമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ വിദ്യാർത്ഥിയുടെ ജീവനെടുത്തതിന് തുല്യമായ നിലയിലെത്തിച്ചത്. ഈ അപകടത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കാനും ആശുപത്രിയിലുള്ള കുട്ടിയുടെ ചികിത്സ ചിലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുവാനുമുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെടുവാൻ താത്പര്യപ്പെടുന്നു.
മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫർഹാനെ സന്ദർശിച്ച എംഎൽഎ കുട്ടിയെ ചികിത്സിക്കുന്ന രാജേഷ് ഷെട്ടിയുടെ ചർച്ച നടത്തി.