കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ണുരുട്ടി ബി.സി.സി.ഐ; കർശന നിർദേശം പുറത്തിറക്കി

0
184

ന്യൂഡൽഹി: ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങലുടെ കായികക്ഷമതാ പരിശോധന പുരോഗമിക്കുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും യോ-യോ ടെസ്റ്റ് വിജയിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ടെസ്റ്റ് സ്‌കോർ സഹിതം കോഹ്ലി ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോഹ്ലിയുടെ പോസ്റ്റ് ബി.സി.സി.ഐയെ ചൊടിപ്പിച്ചതായാണു പുറത്തവരുന്ന വിവരം. പോസ്റ്റിനു പിന്നാലെ ടീം അംഗങ്ങൾക്ക് മാനേജ്‌മെന്റ് കർശന നിർദേശവും നൽകിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് യോ-യോ ടെസ്റ്റിനിടെയുള്ള സ്വന്തം ചിത്രം കോഹ്ലി പങ്കുവച്ചത്. ഭയപ്പെടുത്തുന്ന കോണുകൾക്കിടയിലൂടെ യോ-യോ ടെസ്റ്റ് പൂർത്തിയാക്കുന്നതാണു സന്തോഷമെന്ന് താരം കുറിച്ചു. 17.2 സ്‌കോർ നേടിയതായും പോസ്റ്റിൽ വെളിപ്പെടത്തി. ബി.സി.സി.ഐ മാനദണ്ഡപ്രകാരം 16.5 സ്‌കോർ വേണ്ട സമയത്താണ് കോഹ്ലിയുടെ മികച്ച പ്രകടനം.

എന്നാൽ, ടെസ്റ്റ് സ്‌കോർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ബി.സി.സി.ഐ തലവന്മാർക്ക് രസിച്ചിട്ടില്ലെന്നും ഇതേതുടർന്ന് താരങ്ങൾക്കു കർശന നിർദേശം പുറത്തിറക്കിയിരിക്കുകയാണെന്നും ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. രഹസ്യസ്വഭാവമുള്ള വിവരം പരസ്യമാക്കിയതു ശരിയായില്ലെന്നാണ് ബോർഡിന്റെ നിലപാട്. ഒരു തരത്തിലുള്ള രഹസ്യവിവരങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ താരങ്ങൾക്കു വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഒരു ബി.സി.സി.ഐ വൃത്തം ഇന്ത്യൻ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. പരിശീലനത്തിനിടയിലെ ചിത്രങ്ങൾ പങ്കുവയ്ക്കാമെന്നും എന്നാൽ, സ്‌കോർ പോസ്റ്റ് ചെയ്യുന്നത് കരാർ നിബന്ധനകളുടെ ലംഘനമാണെന്നും വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ബംഗളൂരുവിലെ ആളൂരിലുള്ള കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ ഏഷ്യാ കപ്പ് മുന്നൊരുക്കം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ആരംഭിച്ച ക്യാംപ് ആറു ദിവസം തുടരും. ഇതിനുശേഷമാകും ടീം ഏഷ്യാ കപ്പിനായി തിരിക്കുക. ക്യാംപിന്റെ ആദ്യദിവസമായിരുന്നു താരങ്ങൾക്ക് യോ-യോ ടെസ്റ്റ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here