ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് പ്രൂഫോ, ഇമെയിലിലൂടെയേോ, വാട്സ് ആപ്പ് വഴിയോ പങ്കിടാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തിഗതവിവരങ്ങൾ ഷെയർ ചെയ്യണമെനന്നാവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും, ജാഗ്രത പാലിക്കണമെന്നും യുഐഡിഎഐ നിർദ്ദേശം നൽകി.
പൗരന്മാർക്ക് അവരുടെ ആധാർ കാർഡ്, മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായോ, അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിച്ചോ അപ്ഡേറ്റ് ചെയ്യാമെന്നും യുഐഡിഎഐ എക്സിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു. ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തിയ്യതി 2023 സെപ്റ്റംബർ 14 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ, സൗജന്യ സേവനം 2023 ജൂൺ 14 വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ആധാർ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. എങ്ങനെയെന്ന് നോക്കാം
യുഐഡിഎഐ വെബ്സൈറ്റിൽ ആധാർ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക.
നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഡോക്യുമെന്റ് അപ്‌ഡേറ്റ് സെക്ഷനിൽ ഓപ്പൺ ചെയ്ത്, നിലവിലെ വിശദാംശങ്ങൾ പരിശോധിക്കുക
ആവശ്യമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക, ഒറിജിനൽ ഡോക്യുമെന്റ് വെരിഫിക്കേഷന് വേണ്ടിയുള്ള രേഖകൾ അപ് ലോഡ് ചെയ്യുക
സർവീസ് റിക്വസ്റ്റ് നമ്പർ നോട്ട് ചെയ്യുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഇത് പ്രയോജനപ്പെടും.