അബുദാബി/ദുബായ്/ഷാർജ∙ യുഎഇയിൽനിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസ് മൂന്നിലൊന്നാക്കി കുറച്ചു. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ 19നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.
അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ ഈ സേവനം ലഭിക്കും. ഇതനുസരിച്ച് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ തിരഞ്ഞെടുത്ത സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജിന് 150 ദിർഹത്തിൽനിന്ന് 49 ദിർഹമാക്കിയാണ് കുറച്ചത്. 10 കിലോയ്ക്ക് 99 ദിർഹവും 15 കിലോയ്ക്ക് 199 നൽകിയാൽ മതി. നേരത്തെ ഇത് യഥാക്രമം 300, 500 വീതമായിരുന്നു.
ഷാർജയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, സൂറത്ത്, ട്രിച്ചി, വരാണാസി, അമൃത്‍സർ, ചണ്ഡിഗഡ് എന്നീ സെക്ടറുകളിലേക്കും ഇതേ നിരക്കു മതി. എന്നാൽ ഇവിടെ നിന്ന് ഡൽഹി, മുംബൈ, വിജയവാഡ, ഇൻഡോർ എന്നീ സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. 10 കിലോയ്ക്ക് 49 ദിർഹമും 15 കിലോയ്ക്ക് 199 ദിർഹമുമാണ് നിരക്ക്.