കാസർകോട് ∙ അന്തർ സംസ്ഥാനപാതയായ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത് 28 കേരള ട്രാൻസ്പോർട്ട് ബസുകൾ മാത്രം. എന്നാൽ കർണാടകയുടെ നാൽപതോളം ബസുകളാണ് ഈ റൂട്ടിലോടി ആധിപത്യം ഉറപ്പിക്കുന്നത്. ഈ പാതകളിൽ 45 വീതം ബസുകൾ ഓടുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ദിവസേന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ് കേരള കെഎസ്ആർടിസി. ഇതോടെ ഈ റൂട്ടിലോടുന്ന കർണാടക ബസുകൾക്കു വരുമാനത്തിൽ നേട്ടവുമായി.
കേരള കെഎസ്ആർടിസി ബസുകൾ കുറവായതിനാൽ യാത്രക്കാർ ഏറെയും കർണാടക ബസുകളെയാണ് ആശ്രയിക്കുന്നത്. ചില കേരള ആർടിസി ബസുകൾ കൃത്യസമയത്ത് ഓടുന്നില്ലെന്നും പല സ്റ്റോപ്പുകളിലും യാത്രക്കാരെ കയറ്റുന്നില്ലെന്നും സ്റ്റാൻഡിൽ കയറുന്നില്ലെന്നും യാത്രക്കാർക്കു പരാതികളുമുണ്ട്. വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ ഓഫിസ് ജീവനക്കാരും പോകുന്ന സമയങ്ങളിൽ മംഗളൂരു റൂട്ടിൽ കേരള ആർടിസി കുറവാണെന്നാണു യാത്രക്കാർ പറയുന്നത്. കാസർകോട് നിന്നു നേരത്തെ കർണാടക പൂത്തൂരിലേക്ക് രാവിലെ 5.30ന് കേരള ആർടിസി സർവീസ് നടത്തിയിരുന്നു.
എന്നാൽ ഇപ്പോൾ രാവിലെ 6നു കർണാടക ബസാണു സർവീസ് നടത്തുന്നത്. കാസർകോട്-സുള്ള്യ-മടിക്കേരി, കാസർകോട്- ധർമ്മസ്ഥല, കുമ്പള-പെർള-പുത്തൂർ എന്നീ റൂട്ടുകളിലും നേരത്തെ കേരള ട്രാൻസ്പോർട്ട് ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോഴില്ല. കാസർകോട് നിന്ന് ബെംഗളൂരുവിലേക്കു കർണാടക സർക്കാറിന്റെ 2 ബസുകൾ സർവീസ് നടത്തുമ്പോൾ കേരള ആർടിസിയുടെ ഒരു ബസാണുള്ളത്.
ദീർഘദൂര റൂട്ടുകളിൽ ഓടുന്നതിനായി പുതിയ ബസുകൾ അനുവദിക്കുമ്പോൾ കാസർകോട്ടേക്കു കിട്ടാറില്ല. അതിർത്തി പ്രദേശമായ മംഗളൂരു ബിസി റോഡിൽ കർണാടക പുതിയ ഡിപ്പോ തുടങ്ങിയിട്ടുണ്ട്. ഇതേ മാതൃകയിൽ തലപ്പാടിയിൽ കേരള ആർടിസി ഡിപ്പോ തുടങ്ങണമെന്ന ആവശ്യവും ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഇതുവരെ ഒന്നുമായില്ല.