സിന്ധ്യയ്ക്ക് വീണ്ടും തിരിച്ചടി; ഒപ്പം പോയ ഒരു നേതാവു കൂടി കോൺഗ്രസിലേക്ക്, 1200 വാഹനങ്ങളുടെ അകമ്പടി

0
202

ഭോപ്പാല്‍∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സാമന്ദര്‍ പട്ടേല്‍ തിരികെ കോൺഗ്രസിലേക്ക്. 1200 വാഹനങ്ങളുടെ അകമ്പടിയോടെ അയ്യായിരത്തോളം അനുയായികളേയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശില്‍, കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന മൂന്നാമത്തെ സിന്ധ്യ പക്ഷക്കാരനാണ് സാമന്ദര്‍ പട്ടേല്‍. മൂവരും വന്‍ വാഹനവ്യൂഹവുമായി ശക്തിപ്രകടനത്തോടെയാണ് കോണ്‍ഗ്രസിൽ തിരിച്ചെത്തിയത്.

ജൂണ്‍ 14ന് ശിവപുരിയിലെ ബിജെപി നേതാവ് ബൈജ്‌നാഥ് സിങ് യാദവ് 700 കാറുകളുടെ അകമ്പടിയോടെ കൂറ്റൻ റാലി നടത്തിയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജൂണ്‍ 26ന് ശിവപുരി ജില്ലാ പ്രസിഡന്റ് രാകേഷ് കുമാര്‍ ഗുപ്തയും സമാനമായ രീതിയിൽ റാലി നടത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത്തവണ കോണ്‍ഗ്രസിൽ തിരിച്ചെത്തിയ സാമന്ദര്‍ പട്ടേല്‍ രണ്ടു തവണ കോണ്‍ഗ്രസ് വിട്ടയാളാണ്. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ജവാദ് മണ്ഡലത്തില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥിയെ 14,000ത്തോളം വോട്ടിന് പരാജയപ്പെടുത്തി.

എന്നാൽ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിൽ തിരിച്ചെത്തി. 2020 ല്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം ബിജെപിയിൽ ചേർന്നു. ബിജെപിയില്‍ അവഗണന നേരിടുന്നുവെന്നാരോപിച്ചാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here