പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; ജാഗ്രതാ നിർദേശവുമായി സർക്കാർ

0
273

ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള പാസ്‍പോര്‍ട്ട് പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട സുപ്രധാന അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്‍സൈറ്റുകളെക്കുറിച്ചാണ് നേരത്തെ     ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്ന പലരും ചെന്ന് കയറുന്നത് ഇത്തരം വ്യാജ വെബ്‍സൈറ്റുകളിലായിരിക്കും എന്നതാണ് ഈ മുന്നറിയിപ്പുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം.

www.passportindia.gov.in എന്നതാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ്. എന്നാല്‍ ഫോം പൂരിപ്പിക്കുന്നതിനും പാസ്‍പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമെല്ലാം സംവിധാനമൊരുക്കുന്നു എന്ന തരത്തിലാണ് പല വ്യാജ വെബ്‍സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സൈറ്റുകളില്‍ നല്‍കുന്ന അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയ്ക്ക് പുറമെ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഔദ്യോഗിക ഫീസിന് പുറമെ അധിക ചാര്‍ജുകളും ഈടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ വ്യാജ വെബ്‍സൈറ്റുകളെ ആശ്രയിക്കാതെ ഔദ്യോഗിക സൈറ്റിലൂടെ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ പാസ്‍പോര്‍ട്ട് സേവനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ പ്രത്യേക വെബ്‍സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ ഇല്ല.

വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 36 പാസ്പോര്‍ട്ട് ഓഫീസുകളും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 190 ഇന്ത്യന്‍ നയതന്ത്ര കാര്യലയങ്ങളും വഴിയാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. ഇന്ത്യയിലുടനീളം പാസ്‍പോര്‍ട്ട് സംബന്ധമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വേണ്ടി www.passportindia.gov.in എന്ന ഒറ്റ വെബ്‍സൈറ്റ് മാത്രമേയുള്ളൂ.  www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org എന്നീ വെബ്സൈറ്റുകള്‍ക്ക് എതിരെയാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പല വ്യാജ സൈറ്റുകളും ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ വേണ്ടാതെ തന്നെ പാസ്‍പോര്‍ട്ട് എടുക്കാം എന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനും പണം നഷ്ടമാവാനും ഇത്തരം വ്യാജ സൈറ്റുകള്‍ കാരണമാവുമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here