ന്യൂഡല്‍ഹി: ഏതു മതവിഭാഗം വിദ്വേഷ പ്രസംഗം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് യൂത്ത് ലീഗ് നടത്തിയ റാലിയിലെ വിദ്വേഷ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
വിദ്വേഷ പ്രസംഗത്തിനെതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് തെഹ്സീന്‍ പൂനവാല കേസില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യം അവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കുന്നതിന് ഒരു സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. അടുത്തയാഴ്ച ഹര്‍ജികള്‍ വീണ്ടും സുപ്രീം കോടതി പരിഗണിക്കും.