മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പുതിയ തീരുമാനവുമായി സൗദി

0
225

റിയാദ്(www.mediavisionnews.in): സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളടക്കമുള്ള ഇന്ത്യക്കാരെയായിരിക്കും. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികള്‍ ഉന്നത തസ്തികകളില്‍പ്പെടുന്നതാണ്.

ഈ തസ്തികകളില്‍ സ്വദേശികള്‍ക്കു അവസരം ലഭ്യമാക്കുന്നതിനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ രണ്ടായിരം സ്വദേശികള്‍ക്കു നിയമനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇതില്‍ ആയിരം പേര്‍ വനിതകളായിരിക്കും. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ 18 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.

കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിവിധ മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഘലകളിലേക്കു വ്യാപിപ്പിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടും.

അതിനിടെ സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഒട്ടേറെ മലയാളികള്‍ ആശങ്കയിലാണ്. സൗദിയിലെ സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്.

കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് നിര്‍ദേശം. നിയമം നടപ്പാക്കാന്‍ സാവകാശം ചോദിച്ച് സ്‌കൂള്‍ അധികൃതര്‍ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടാകില്ലെന്നാണ് സൂചന. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

സ്‌കൂളുകളിലെ അഡ്മിന്‍, സൂപ്പര്‍വൈസര്‍ ജോലികളിലാണ് ആദ്യഘട്ടമായി സ്വദേശികളെ നിയമിക്കേണ്ടത്. നടപ്പ് അധ്യയനവര്‍ഷത്തിലെ ആദ്യപാദത്തില്‍തന്നെ സ്വദേശിവത്കരണം നൂറു ശതമാനത്തിലെത്തിക്കണമെന്നാണ് മന്ത്രാലയനിര്‍ദേശം.

സ്വകാര്യസ്‌കൂളുകളിലെ പ്രിന്‍സിപ്പലും വൈസ്പ്രിന്‍സിപ്പലും സ്വദേശികളായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. സ്റ്റുഡന്റ് കൗണ്‍സിലറായ അധ്യാപകന്‍, നോണ്‍ കരിക്കുലം ആക്ടിവിറ്റീസ് അധ്യാപകര്‍ എന്നിവരും അഡ്മിന്‍ ജോലികള്‍ ചെയ്യുന്നവരും സ്വദേശികളായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌കൂളുകളിലെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളും വൈകാതെ സ്വദേശിവത്കരിക്കുമെന്നും സൂചനയുണ്ട്. കര്‍ശനനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യസ്‌കൂളുകള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അതേ തസ്തികയ്ക്ക് യോഗ്യരായ സ്വദേശികളെ ലഭ്യമാണോയെന്ന് പരിശോധിക്കണം.

സ്‌കൂളുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സ്‌കൂളുകളിലേക്ക് മന്ത്രാലയത്തിന്റെ കീഴില്‍ത്തന്നെ പരിശോധകരെ നിയമിക്കാനാണ് നീക്കം. വിദ്യാഭ്യാസമേഖലയിലെ നാല് വിഭാഗങ്ങളില്‍ നിതാഖാത് നിര്‍ബന്ധമാക്കിയതിന് പിന്നാലെ അധ്യാപക വിഭാഗത്തിലേക്കും നിയമം കടന്നുവന്നേക്കുമെന്ന് സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here