പാലക്കാട്∙ ലഹരിവസ്തുവായ എൽഎസ്ഡി സ്റ്റാംപുമായി റിസോർട്ട് ജീവനക്കാരൻ പിടിയിൽ. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് പീലിക്കോട് സ്വദേശി പ്രസൂണിനെ (30) പിടികൂടിയത്. കൊടൈക്കനാലിൽ നിന്ന് എൽഎസ്ഡി സ്റ്റാംപുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണു പിടിയിലായത്.
ഇയാളിൽ നിന്ന് 29 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടി. കൊടൈക്കനാലിൽ റിസോർട്ട് ജീവനക്കാരനായ ഇയാൾ കൂട്ടുകാർക്കിടയിൽ വിൽപന നടത്താനാണ് ലഹരി കടത്തിയതെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ആർപിഎഫ് ക്രൈം ഇൻസ്‌പെക്ടർ എൻ.കേശവദാസ്, എക്സൈസ് ഇൻസ്‌പെക്ടർ എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ, ആർപിഎഫ് എസ്ഐ എ.പി.ദീപക്, എഎസ്ഐമാരായ കെ.സജു., എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.രാജേഷ്, മുഹമ്മദ് റിയാസ്, ടി.എസ്.സുമേഷ്, സിഇഒമാരായ ശ്രീകുമാർ വാക്കട, അബ്ദുൽ ബഷീർ എന്നിവർ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.