ഗ്യാൻവാപി മസ്ജിദ് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം; ഹരജിക്കാരിൽ ഒരാൾ മസ്ജിദ് കമ്മിറ്റിക്ക് കത്തയച്ചു

0
151

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസ് വഴിത്തിരിവിലേക്ക്. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമവുമായി ഹരജിക്കാരായ അഞ്ച് ഹിന്ദു സ്ത്രീകളിൽ ഒരാൾ രംഗത്ത്. രാഖി സിങ്ങാണ് ഒത്തുതീർപ്പ് നിര്‍‌ദേശം മുന്നോട്ടുവെച്ചത്. വിശ്വവേദ സനാതൻ സംഘ് മേധാവി ജിതേന്ദ്ര സിങ് രാഖിക്ക് വേണ്ടി മസ്ജിദ് കമ്മിറ്റിക്ക് കത്ത് നൽകി. കത്ത് ലഭിച്ചെന്ന് മസ്ജിദ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി എം.എസ് യാസീൻ മീഡിയവണിനോട് പറഞ്ഞു. ഉടൻ ചേരുന്ന മസ്ജിദ് കമ്മിറ്റി യോഗത്തിൽ ഒത്തുതീർപ്പ് ആവശ്യം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും എം.എസ് യാസീൻ പറഞ്ഞു.

ഗ്യാന്‍വാപി കേസ് സുപ്രിംകോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നതിനിടെയാണ് പരാതിക്കാരില്‍ ഒരാള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഏതു തരത്തിലുള്ള ഒത്തുതീര്‍പ്പാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. മസ്ജിദ് സംബന്ധിച്ച തര്‍ക്കം ഹിന്ദു – മുസ്‍ലിം തര്‍ക്കമായി മാറിയിരിക്കുന്നുവെന്നും ഇനിയും മുന്നോട്ടുകൊണ്ടുപോകുന്നത് അഭികാമ്യമല്ലെന്നും രാഖി സിങ് കത്തില്‍ പറയുന്നു. ചിലര്‍ രാഷ്ട്രീയ ലാഭത്തിനും മറ്റും ഈ തര്‍ക്കം ഉപയോഗിക്കുകയാണെന്നും അതിനാല്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും രാഖി കത്തില്‍ വ്യക്തമാക്കി.

രാഖി സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരാധനാ അനുവദിക്കണമെന്ന ആവശ്യവുമായി 2021ലാണ് വാരണാസി ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പള്ളിയില്‍ പുരാവസ്തു വകുപ്പിന്‍റെ സര്‍വെ നടക്കുന്നതിനിടെയാണ് പരാതിക്കാരില്‍ ഒരാളുടെ ഒത്തുതീര്‍പ്പ് നിര്‍ദേശം. അതേസമയം ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നാണ് മറ്റു നാലു സ്ത്രീകളുടെ അഭിഭാഷകര്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here