മലപ്പുറം: ‘ബഹുമാനപ്പെട്ട അധ്യപാകരെ പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ആഗസ്റ്റ് 15, നമ്മുടെ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം’ വെളിമുക്ക് വിജെ പള്ളി എഎംയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ വെമ്പാല മുഹമ്മദ് ഇയാസ് സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളിൽ നടത്തിയ പ്രസംഗത്തിന്റെ തുടക്കമാണിത്. രാജ്യത്ത് മതസൗഹാർദം നിലനിൽക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ സ്വഭാവം സൗഹാർദത്തിന്റേതാണെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയതോടെ ഈ കൊച്ചുമിടുക്കന്റെ പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായത് നിമിഷങ്ങൾക്കകം.
രണ്ട് മിനുട്ടും ഒമ്പത് സെക്കൻഡും മാത്രം നീണ്ടുനിന്ന പ്രസംഗം കേട്ടുനിന്നവരെ പോലും അതിശയിപ്പിച്ചു. പക്വമായ ഭാഷയിലൂടെ ആരെയും കയ്യിലെടുക്കുന്ന രീതിയിലായിരുന്നു പ്രസംഗം. സ്വാതന്ത്ര്യത്തിനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിലും മരിച്ചുവീണ ആയിരക്കണക്കിനു മനുഷ്യരുടെ ചോരയുടെ ചോപ്പും വിയർപ്പിന്റെ ഉപ്പുമുണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്. ജാതിയും മതവും നിറവും മണവും മറന്ന് മനുഷ്യർ ഒരുമിച്ചാണ് സ്വാതന്ത്ര്യം നേടിയത്. സൗഹാർദവും ഒരുമയുമാണു വേണ്ടത് എന്നിങ്ങനെ പോകുന്നു മുഹമ്മദ് ഇയാസിന്റെ പ്രഭാഷണം.
‘കൊച്ചു മിടുക്കന്‍റെ വലിയ പ്രഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. പ്രസംഗിക്കുമ്പോ പഠിച്ചതെല്ലാം നല്ല ഗൌരവത്തിൽ പറയാനാകുമെന്നാണ് ഇയാസ് പറയുന്നത്. കാണാതെ ആണ് പ്രസംഗം പഠിക്കുന്നത്. പിന്നെ എല്ലാം ഓർത്തെടുത്ത് പ്രസംഗിക്കും. വലുതാകുമ്പോഴും നല്ല പ്രസംഗങ്ങളൊക്കെ നടത്താനാകും എന്നാണ് കരുതുന്നത്. സ്കൂളിലെ സാഹിത്യോത്സവത്തിലാണ് ആദ്യമായി പ്രസംഗിച്ചത്. ഇനിയും നല്ലത് പോലെ പ്രസംഗിക്കാൻ പറ്റണം’- ഇയാസ് പറയുന്നു.
വളവന്നൂർ ആയുഷ് യൂനാനി ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസറായ ഡോ. മുഹമ്മദ് ഫൈസിന്റെയും സൈനബയുടെയും മൂന്നാമത്തെ മകനാണ് ഇയാസ്. ബന്ധുവാണ് പ്രസംഗം എഴുതിക്കൊടുത്തത്. എൽപി വിഭാഗം പ്രസംഗമത്സരത്തിലും എസ്എസ്എഫ് സാഹിത്യോത്സവിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇയാസിനെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. ഒരു കൊച്ചു അഴീക്കോട് മാഷ് ആണല്ലോ മിടുക്കൻ എന്നായിരുന്നു മന്ത്രി വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിച്ചത്.
ഇയാസിന്‍റെ വൈറൽ പ്രസംഗത്തിന്‍റെ വീഡിയോ കാണാം