ന്യൂഡൽഹി: ഹരിയാനയിലെ നൂഹില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പശു സംരക്ഷകന്‍ ബിട്ടു ബജ്റംഗി എന്ന രാജ്കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച ഇയാൾ ഏറെ നാടകീയരംഗങ്ങൾക്കൊടുവിലാണ് പിടിയിലായത്.
ബിട്ടു വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്നാണ് മഫ്തിയിലെത്തിയ പോലീസ് ഫരീദാബാദിലെത്തുന്നത്. എന്നാൽ, പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ ഇയാൾ വീട്ടിൽ നിന്നിറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. തോക്കുകളും വടികളുമായി 20-ഓളം പോലീസുകാർ ഇയാളുടെ പിന്നാലെ ഓടി. ഏറെ നേരം പിന്തുടർന്ന് ശേഷം പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കലാപശ്രമം, വധഭീഷണി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഗോരക്ഷാ ബജ്റംഗ് സേന എന്ന പേരില്‍ സംഘടന നടത്തുന്ന ഇയാളെ നൂഹിലും ഗുഡ്ഗാവിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ചോദ്യംചെയ്തിരുന്നു. സംഘര്‍ഷമുണ്ടായപ്പോള്‍ ആയുധങ്ങളെത്തിച്ചതില്‍ ബിട്ടുവിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളും കൂട്ടാളികളും പോലീസ് കസ്റ്റഡിയില്‍നിന്ന് ആയുധങ്ങളെടുത്തെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഫരീദാബാദിലെ ഇയാളുടെ വീടിനു സമീപത്തു നിന്നാണ് പിടികൂടിയത്. ഗാസിപ്പുരിലെ പച്ചക്കറി വ്യാപാരിയായ ബിട്ടു ബജ്‌റംഗി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പശുസംരക്ഷകനാണ്. കഴിഞ്ഞ മാസം മാത്രം മതവികാരം വ്രണപ്പെടുത്തിയതുള്‍പ്പടെ മൂന്നു കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. പ്രകോപനപരമായ പ്രസ്താവനകളുടെ പേരില്‍ നേരത്തേയും ഇയാള്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.
നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട് ആദ്യ പ്രധാന അറസ്റ്റാണ് ബിട്ടുവിൻ്റേത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തടയാന്‍ ഒരുവിഭാഗം നടത്തിയ ശ്രമമാണ് കലാപത്തിലേക്ക് നയിച്ചത്. പിന്നീട് കൊലപാതകങ്ങളും കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കലും അടക്കമുള്ളവ അരങ്ങേറി. സംഭവത്തില്‍ 176 പേര്‍ക്കെതിരേ കേസെടുക്കുകയും 90 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.