അടുത്ത രണ്ട് മാസവും മഴ ലഭിച്ചേക്കില്ല, സംസ്ഥാനം കടുത്ത വരൾച്ചയിലേയ്ക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ

0
327

തിരുവനന്തപുരം: അടുത്ത രണ്ട് മാസം കേരളത്തിൽ കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. ജൂൺ മുതൽ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ കുറവ് 60 ശതമാനം ആകാനാണ് സാദ്ധ്യത. 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ഇന്നലെവരെ ലഭിച്ചത് 87.7 സെന്റിമീറ്റർ മാത്രമാണ്. മുൻവർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ഓഗസ്റ്റ് പകുകിയായിട്ടും ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്. സെപ്‌തംബറിൽ സാധാരണ അധികം മഴ ലഭിക്കാറില്ല. ഇപ്രാവശ്യവും ഇതിന് മാറ്റാൻ വരാൻ സാദ്ധ്യതയുണ്ടാകില്ല. 2016നേക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിട്ടേക്കാം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ സാധാരണയായി 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 173.6 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ അത്രപോലും മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇങ്ങനെപോയാൽ വരുംമാസങ്ങളിൽ സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണവിഭാഗം കാലാവസ്ഥാ വിദഗ്ദ്ധൻ കെ രാജീവൻ മുന്നറിയിപ്പ് നൽകി.

പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ, കാര്യമായ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തത്, തീരത്ത് കാലവർഷക്കാറ്റിന്റെ കുറവ് എന്നിവയാണ് മഴ കുറഞ്ഞതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത്. അതേസമയം, സെപ്തംബറിൽ കേരളത്തിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്‌ബീറ്റ് വെതർ പ്രവചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here