ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ തിരിച്ചുവരുന്നു

0
159

ലണ്ടന്‍: ഏകദിന ലോകകപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സ് വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഈ ആഴ്ച പ്രഖ്യാപിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റോക്സും ഉണ്ടാകുമെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം അഞ്ചിന് മുമ്പാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

കഴിഞ്ഞ വര്‍ഷമാണ് സ്റ്റോക്സ് ഏകദിന, ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായത്. ഒക്ടോബര്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരം കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറുകളിലും ടൈ ആയ മത്സരത്തിനൊടുവില്‍ ബൗണ്ടറി കണക്കിലാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായത്. പിന്നീട് ഐസിസി ഈ നിയമം മാറ്റി.

Read Mor:തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കുമോ; നിലപാട് വ്യക്തമാക്കി ബിസിസിഐ

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചത് സ്റ്റോക്സിന്‍റെ മികവായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെതിരെ 52 റണ്‍സുമായി സ്റ്റോക്സ് പുറത്താകാതെ നിന്നു. 2019ലെ ഏകദിന ലോകകപ്പിന്‍റെ ഫൈനലിലും ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍ സ്റ്റോക്സ് ആയിരുന്നു. 84 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്സിന്‍റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് കീവിസ് ഉയര്‍ത്തിയ 241 എന്ന സ്കോറിനൊപ്പമെത്തിയത്.

ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമില്‍ തിരിച്ചെത്തുന്ന സ്റ്റോക്സ് സ്പെഷലിസ്റ്റ് ബാറ്ററായിട്ടായിരിക്കും കളിക്കുക. കാല്‍മുട്ടിലെ പരിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാകാനിരുന്ന സ്റ്റോക്സ് ലോകകപ്പില്‍ കളിക്കുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയ നീട്ടിവെച്ചിട്ടുണ്ട്. കാല്‍മുട്ടിലെ പരിക്ക് കാരണം ലോകകപ്പില്‍ കളിച്ചാലും സ്റ്റോക്സിന് പന്തെറിയാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here