തൃശൂർ: ഇറച്ചിക്കോഴി വളർത്തൽ മേഖലയിൽ ഹോർമോൺ പ്രയോഗമുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകാമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. കൃത്രിമ വളർച്ചാ ഹോർമോണുള്ള ബ്രോയിലർ കോഴിയിറച്ചി കഴിക്കരുതെന്ന തരത്തിലുള്ള പ്രചാരണത്തെ പ്രതിരോധിക്കാനാണ് കോഴിക്കർഷകരും കച്ചവടക്കാരും വ്യത്യസ്ത മാർഗം അവലംബിച്ചിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരും പൗൾട്രി മേഖലയിലെ ഗവേഷകരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സോഷ്യൽ മീഡിയയിലടക്കം ഹോർമോൺ കുത്തിവപ്പ് സന്ദേശങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. 35-40 ദിവസത്തിനുള്ളിൽ ബ്രോയിലർ കോഴികൾ രണ്ട് കിലോഗ്രാം വളർച്ച കൈവരിക്കുന്നതാണ് ഫോർമോൺ പ്രചാരകർ ആയുധമാക്കുന്നത്.
അതേസമയം ബ്രോയ്ലർ കോഴികളിൽ കൃത്രിമ ഹോർമോണുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് പാലക്കാട് കോളേജ് ഓഫ് ഏവിയൻ സയൻസ് ആൻഡ‍് മാനേജ്മെന്റ് സ്പെഷ്യൽ ഓഫീസർ എസ് ഹരികൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു. ജനിതക ഗുണമേന്മയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തത് കൊണ്ടാണ് കോഴികളുടെ തൂക്കം വർധിക്കുന്നത്. സമ്പുഷ്ടീകൃത തീറ്റ, പ്രതിരോധ കുത്തിവയ്പ്പ്, രോഗനിയന്ത്രണം തുടങ്ങിയ ഘടകങ്ങളും ഇതിന് സഹായകമാകുന്നതായി അദ്ദേഹം പറയുന്നു.
വളർച്ചാ ഹോർമോൺ പ്രോട്ടീൻ ആയതിനാൽ ദഹനപ്രക്രിയയിലൂടെ വിഘടിച്ചുപോകുമെന്നതിനാൽ ഭക്ഷണത്തിലുടെയും വെള്ളത്തിലൂടെയും നൽകുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് മണ്ണൂത്തി വെറ്ററിനറി സർവകലാശാല പൗൾട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോജ് ജോൺ പറഞ്ഞു. വൻ ചെലവേറിയ ഹോർമോൺ കുത്തിവയ്പ്പ് ബ്രോയിലർ കോഴികളിൽ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.