ഐഫോണ്‍ 15 ടൈപ്പ് സി പോര്‍ട്ടില്‍ പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇപ്പോള്‍ ഐഫോണ്‍ 14നിലും ടൈപ്പ് സി, ചാര്‍ജര്‍ നിലവില്‍ വരുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. യൂറോപ്യന്‍ യൂണിയന്റെ പുതിയ ചട്ടങ്ങളനുസരിച്ചാണ് ഐഫോണ്‍ 14നിലും ടൈപ്പ് സി ചാര്‍ജര്‍ ഉള്‍പ്പെടുത്തി റീ ലോഞ്ച് ചെയ്യാന്‍ കമ്പനി ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ ഐഫോണ്‍ 15 ടൈപ്പ് സി ചാര്‍ജറില്‍ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ ടെക്ക് ലോകം ആഘോഷത്തിലാണ്. എന്നാല്‍ അവരെപ്പോലും അമ്പരിപ്പിക്കുന്നതാണ് ഐഫോണ്‍ സീരിസിലെ 14ലും ടൈപ്പ് സി വരുന്നെന്ന റിപ്പോര്‍ട്ടുകള്‍.ടിവിഒഎസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ് യൂസറായ @aaronp613 ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.
അതില്‍ പക്ഷെ ഐഫോണ്‍ 15 മാത്രമായിരുന്നില്ല ആറ് മറ്റ് ഫോണുകളുടെ സൂചനകളും ഉണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 ന്റെ മറ്റ് പതിപ്പുകളാണെങ്കില്‍ ബാക്കിയുള്ള രണ്ടെണ്ണം നിലവിലുള്ള ഐഫോണ്‍ 14 പരമ്പരയില്‍ നിന്നുള്ളതാവാം എന്നാണ് അനുമാനം. അത് ഐഫോണ്‍ 14 നും ഐഫോണ്‍ 14 പ്ലസും ആവാം എന്ന് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.